
വാഷിങ്ടൺ: സിഐഎ, എഫ്ബിഐ ഉൾപ്പെടെയുള്ള അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് വാട്‌സ്ആപ്പ് മെസേജുകൾ ഹാക്ക് ചെയ്തു വായിക്കാൻ കഴിയുമെന്നു മെറ്റ സിഇഒ മാർക്ക് സക്കർബർഗ്. സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും പ്രാധാന്യം നൽകുന്ന പുതിയ സംവിധാനങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും പൂർണമായി എല്ലാം സുരക്ഷിതമാണെന്നു പറയാൻ കഴിയില്ലെന്നും സക്കർബർഗ് വ്യക്തമാക്കി. അതേസമയം, മെറ്റയ്ക്ക് മെസേജുകളൊന്നും വായിക്കാൻ കഴിയില്ലെന്ന് സക്കര്‍ബര്‍ഗ് ഉറപ്പുനൽകി.
അമേരിക്കൻ നടനും അവതാരകനുമായ ജോസഫ് റോഗന്റെ ‘ജോ റോഗൻ എക്‌സ്പീരിയൻസ്’ എന്ന പോഡ്കാസ്റ്റിനു നൽകിയ മൂന്നു മണിക്കൂറോളം ദൈർഘ്യമുള്ള അഭിമുഖത്തിലാണ് സക്കർബർഗിന്റെ തുറന്നുപറച്ചിൽ. മെസേജിങ് ആപ്പുകളിൽ ഒരുപാട് ബലഹീനതകൾ നിലവിലുണ്ട്.
വാട്‌സ്ആപ്പിലെ എൻക്രിപ്ഷൻ(സംഭാഷണങ്ങൾ മറ്റുള്ളവർ വായിക്കാതിരിക്കാൻ രഹസ്യകോഡിലാക്കുന്ന രീതി) നല്ലതാണ്. സിഗ്നലും വാട്‌സ്ആപ്പും ഒരേ എൻക്രിപ്ഷൻ ആണ് ഉപയോഗിക്കുന്നത്. പക്ഷേ, അപ്പോഴും ചിലർക്ക് നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്ത് അകത്തുള്ളതെല്ലാം കാണാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പെഗാസസ് ഉൾപ്പെടെയുള്ള ചാര സോഫ്റ്റ്‌വെയറുകൾ വഴി ഫോണുകൾ ഹാക്ക് ചെയ്ത് മെസേജുകൾ വായിക്കാൻ സാധ്യതയുള്ളതുകൊണ്ടാണ് ‘ഡിസപ്പിയറിങ് മെസേജസ്’ എന്ന ഓപ്ഷൻ ഞങ്ങൾ കൊണ്ടുവന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
FBI and CIA can read whatsapp message, says Zuckerberg