കൊച്ചി: വാളയാർ പീഡനകേസിൽ ആത്മഹത്യ ചെയ്ത കുട്ടികളുടെ മാതാപിതാക്കൾക്കെതിരെ ബലാത്സംഗ പ്രേരണാ കുറ്റം ചുമത്തി സിബിഐ. അന്തിമ കുറ്റപത്രം എറണാകുളം സിബിഐ കോടതിയിൽ സമർപ്പിച്ചു. കേസ് അന്വേഷിച്ച തിരുവനന്തപുരം ക്രൈം യൂണിറ്റാണ് കുറ്റപത്രത്തിൽ മാതാപിതാക്കളെ പ്രതി ചേർത്തിരിക്കുന്നത്. പീഡനവിവരം മറച്ചുവെച്ചന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
പീഡനവിവരം അറിയാമായിരുന്നതായി മാതാപിതാക്കൾ നേരത്തെ സിബിഐക്ക് മൊഴി നൽകിയിരുന്നു. പോക്‌സോ, ഐപിസി നിയമങ്ങൾ അനുസരിച്ചാണ് ഇരുവർക്കുമെതിരെ കേസെടുത്തിട്ടുള്ളത്. 2017 ജനുവരി ഏഴിനാണ് പതിമൂന്ന് വയസുകാരിയെ അട്ടപ്പളത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാർച്ച് നാലിന് സഹോദരിയായ ഒൻപത് വയസുകാരിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. രണ്ട് കുട്ടികളും മരിക്കുന്നതിന് തൊട്ടുമുമ്പ് ലൈംഗികപീഡനത്തിന് ഇരയായതായി പോസ്‌റ്റ്‌മോർട്ടത്തിൽ വ്യക്തമായി.
സംഭവത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പക്ഷേ, പോക്സോ കോടതി പ്രതികളെയെല്ലാം വെറുതെവിട്ടു. 2019 ഒക്ടോബറോടെ എല്ലാപ്രതികളും കുറ്റവിമുക്തരായി. പ്രതികളെ വിട്ടയച്ചതിനെതിരെ 2019ൽത്തന്നെ സർക്കാർ അപ്പീൽ നൽകിയിരുന്നു.