![](https://www.nrireporter.com/wp-content/uploads/2025/02/trump-and-balagopal.jpg)
തിരുവനന്തപുരം : തിരുവനന്തപുരം : കേരള ബജറ്റ് അവതരിപ്പിക്കുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. അനധികൃത കുടിയേറ്റ വിഷയത്തിലും ഗാസ മുനമ്പിനെ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുമെന്നുമുള്ള ട്രംപിന്റെ നിലപാടുകളെയാണ് ധനമന്ത്രി വിമര്‍ശിച്ചത്.
മന്ത്രിയുടെ ഉപസംഹാര പ്രസംഗത്തിലെ വാക്കുകള്‍
വളരെ സങ്കീര്‍ണ്ണമായൊരു സാഹചര്യത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. ജനാധിപത്യത്തിന്റെ തകര്‍ച്ചയും ഭരണസംവിധാനങ്ങളുടെ ദുര്‍ബലപ്പെടലും ലോകത്തിന്റെ ഭാഗങ്ങളിലും സംഭവിച്ചിരിക്കുന്നു. രാഷ്ട്രീയവും സാമൂഹികവുമായ മാന്യതയുടെ എല്ലാ സീമകളും ലംഘിച്ചുകൊണ്ട് ഏകാധിപത്യത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും ശബ്ദം മുഴങ്ങുന്നു. പനാമ കനാല്‍ എന്റെ സ്വന്തമാണെന്നും ഗ്രീന്‍ലാന്‍ഡ് ഞങ്ങളിങ്ങെടുക്കുകയാണെന്നും ഗാസാ മുനമ്പിലെ മനുഷ്യരെ കുടിയൊഴിപ്പിച്ച് അവിടെ ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്നും പറയുവാന്‍ തയ്യാറാകുന്ന വ്യക്തി ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തിലെ ഭരണാധികാരിയായി വീണ്ടുമെത്തിയിരിക്കുന്നു. ലോകമാകെ ഭയത്തിന്റെയും വെറുപ്പിന്റെയും യുദ്ധവെറിയുടെയും അന്തരീക്ഷം സംജാതമാകുന്നു.
ഇത് കൊളോണിയല്‍ കാലത്തോ മഹായുദ്ധ കാലങ്ങളിലോ ഉണ്ടായിരുന്ന സാഹചര്യത്തിലേക്ക് ലോകത്തെ എത്തിക്കുകയാണോ എന്ന ഭയം പലര്‍ക്കുമുണ്ട്. ഈ അന്തര്‍ദേശീയ സാഹചര്യങ്ങളുടെ രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാധീനം നമ്മുടെ നാട്ടിലുമുണ്ടാകും. ഇതിനെ നേരിടാന്‍ കേരളവും സജ്ജമാകേണ്ടതുണ്ട്. നമ്മുടെ ജനാധിപത്യ മതേതര മൂല്യങ്ങളെയും ശക്തിപ്പെടുത്തി പുരോഗമന കാഴ്ചപ്പാടുകളെയും മുന്നോട്ടുപോകാന്‍ ഒരുമിച്ച് കൈകോര്‍ക്കേണ്ട കാലമാണ്.
അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടി കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ അനധികൃത കുടിയേറ്റക്കാരെ അമേരിക്ക കഴിഞ്ഞ ദിവസം തിരിച്ചയച്ചിരുന്നു. ഇവരെ കൈയിലും കാലിലും ചങ്ങല ബന്ധിച്ച് വിമാനത്തില്‍ കയറ്റിയതിലും കുറ്റവാളികളോട് എന്ന രീതിയില്‍ പെരുമാറിയതും വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.