ജനീവ: ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെ യുദ്ധമുഖത്തെ ജനങ്ങള്‍ക്ക് മരുന്നും ഭക്ഷണവും ഉള്‍പ്പെടെയുള്ള സഹായവുമായി ട്രക്കുകള്‍ ഗാസയില്‍ പ്രവേശിച്ചതായി ഐക്യരാഷ്ട്രസഭ അറിയിച്ചു.
ഞായറാഴ്ച വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് മിനിറ്റുകള്‍ക്ക് ശേഷം ‘ആദ്യ ട്രക്കുകളില്‍ സാധനങ്ങള്‍ എത്തിച്ചേര്‍ന്നു’ എന്ന് പലസ്തീന്‍ പ്രദേശങ്ങള്‍ക്കായുള്ള യുഎന്നിന്റെ ഒസിഎച്ച്എ സഹായ ഏജന്‍സിയുടെ ഇടക്കാല മേധാവി എക്സില്‍ പറഞ്ഞു. എന്നാല്‍, ഗാസയുടെ ഏത് ഭാഗത്തേക്കാണ് വാഹനങ്ങള്‍ പ്രവേശിച്ചതെന്ന വിശദാംശങ്ങള്‍ യുഎന്‍ നല്‍കിയിട്ടില്ല.