
ഫ്‌ളോറിഡ: അമേരിക്കയിലെ ഫ്‌ളോറിഡ സ്റ്റേറ്റ് സര്‍വകലാശാലയിലെ മാരകമായ വെടിവയ്പ്പില്‍ രൂക്ഷ പ്രതികരണവുമായി ഡോണള്‍ഡ് ട്രംപ്. യൂണിവേഴ്‌സിറ്റിയും പരിസരവും തനിക്ക് നന്നായി അറിവുള്ള ഇടങ്ങളാണെന്നും സംഭവം ഭയാനകമെന്നും അദ്ദേഹം വിശേഷിപ്പിച്ചു. അക്രമി ചെയ്തത് ലജ്ജാകരമായ കാര്യമാണെന്നും വെടിവയ്ക്കുന്നത് പക്ഷെ തോക്കല്ല, ആളുകളാണ്, ഇത് ലജ്ജാകരമാണ് എന്നുമായിരുന്നു ട്രംപിന്റെ വാക്കുകള്‍.
സര്‍വകലാശാലയില്‍ തോക്കുമായെത്തിയ വിദ്യാര്‍ത്ഥിയാണ് രണ്ട് പേരെ വെടിവെച്ചു കൊന്നത്. ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. പൊലീസുകാരന്റെ മകന്‍ കൂടിയാണ് വെടിയുതിര്‍ത്ത വിദ്യാര്‍ത്ഥി. ഇയാളെ പൊലീസ് വെടിവെച്ചാണ് കീഴ്‌പ്പെടുത്തിയത്. 20കാരനായ യുവാവ് പിതാവിന്റെ പഴയ സര്‍വീസ് റിവോള്‍വറുമായി കാമ്പസിലെത്തി അതിക്രമം കാട്ടിയത്.
നാല്‍പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സര്‍വകലാശാലയാണ് ഫ്‌ലോറിഡ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി. പത്ത് തവണയോളം വെടിയൊച്ച കേട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു. വെടിവെപ്പില്‍ കൊല്ലപ്പെട്ട രണ്ട് പേരും വിദ്യാര്‍ത്ഥികളല്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.