ന്യൂഡല്‍ഹി : അനധികൃത ഇന്ത്യക്കാരെ നാടുകടത്തിയ യുഎസ് നടപടിയെ ന്യായീകരിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌റി. എന്നാല്‍ തിരിച്ചയക്കുന്നവരോട് മോശം പെരുമാറ്റം പാടില്ലെന്നും അമേരിക്കയെ അറിയിക്കുമെന്നും സൈനിക വിമാനം ഇറങ്ങാന്‍ അനുമതി നല്‍കിയത് നിലവിലെ ചട്ടപ്രകാരമെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
അതേസമയം, അമേരിക്കയില്‍ കഴിയുന്ന 487 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെക്കൂടി തിരിച്ചറിഞ്ഞതായും ഇവരെ ഉടന്‍ തിരിച്ചയക്കുമെന്നും യു.എസ്. അധികൃതര്‍ അറിയിച്ചതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇന്നലെ വ്യക്തമാക്കിയിരുന്നു. നിയമ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാന്‍ ആവില്ലെന്നും അമേരിക്ക ഇന്ത്യക്കാരെ തിരിച്ചയയ്ക്കുന്നത് ആദ്യമായല്ലെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും പ്രതികരിച്ചു.
കഴിഞ്ഞ 15 വര്‍ഷത്തിനിടെ അമേരിക്കയില്‍ നിന്ന് 15,756 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ ഇന്ത്യയിലേക്ക് നാടുകടത്തിയതായി വിദേശകാര്യമന്ത്രി രാജ്യസഭയില്‍ പറഞ്ഞിരുന്നു. യു.എസ് തിരിച്ചയച്ച ഇന്ത്യക്കാരെ കുറ്റവാളികളെപ്പോലെയോ അടിമകളെപ്പോലെയോ കൈകാര്യം ചെയ്യുന്നതില്‍ ഭരണപക്ഷത്തുനിന്നു പോലും വിമര്‍ശനങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രിയടക്കം അമേരിക്കന്‍ നിലപാടിനെ അനുകൂലിക്കുന്നത്.