
വാഷിംഗ്ടണ്‍: വ്യക്തമായ മുന്നറിയിപ്പ് പോലും കൂടാതെ, മതിയായ കാരണങ്ങള്‍ പോലും ഇല്ലാതെയാണ് യുഎസില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ വീസ റദ്ദാക്കുന്നതും നാടുകടത്തലിലേക്ക് നീങ്ങുന്നതും. തന്റെ വീസ എപ്പോള്‍ റദ്ദാക്കപ്പെടുമെന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍.
മാര്‍ച്ച് അവസാനം മുതല്‍ യുഎസ് കോളേജുകളിലെയും സര്‍വകലാശാലകളിലെയും ഏകദേശം 1,024 അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കപ്പെടുകയോ നിയമപരമായ പദവി അവസാനിപ്പിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌കൂള്‍ ഉദ്യോഗസ്ഥര്‍, സര്‍വകലാശാല പ്രസ്താവനകള്‍, കത്തിടപാടുകള്‍ എന്നിവ പരിശോധിച്ചതില്‍ നിന്നും അസോസിയേറ്റഡ് പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
തങ്ങളുടെ വീസയുടെ നിയമപരമായ പദവി അവസാനിപ്പിക്കുന്നതിന് മതിയായ ന്യായീകരണം നല്‍കുന്നില്ലെന്ന് കാട്ടി നിരവധി വിദ്യാര്‍ത്ഥികളാണ് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പിനെതിരെ (ഡിഎച്ച്എസ്) കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
വീസകള്‍ ഒരു ‘പ്രിവിലേജ്’ ആണെന്നും പല കാരണങ്ങളാല്‍ അവ എപ്പോള്‍ വേണമെങ്കിലും റദ്ദാക്കപ്പെടാമെന്നും ട്രംപ് ഭരണകൂടം പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇത് വിദ്യാര്‍ത്ഥികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. ” ഞാന്‍ അത് എല്ലായിടത്തും പറഞ്ഞിട്ടുണ്ട്, വീണ്ടും പറയാം. നിങ്ങള്‍ അമേരിക്കയിലേക്ക് വരാന്‍ ഒരു വിദ്യാര്‍ത്ഥി വിസയ്ക്ക് അപേക്ഷിക്കുകയും പഠിക്കാന്‍ മാത്രമല്ല, സര്‍വകലാശാലകളെ നശിപ്പിക്കുന്ന, വിദ്യാര്‍ത്ഥികളെ ഉപദ്രവിക്കുന്ന, കെട്ടിടങ്ങള്‍ ഏറ്റെടുക്കുന്ന, കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന പ്രസ്ഥാനങ്ങളില്‍ പങ്കെടുക്കാന്‍ ശ്രമിക്കുകയും ചെയ്താല്‍, ഞങ്ങള്‍ നിങ്ങള്‍ക്ക് വിസ നല്‍കില്ല”- റൂബിയോ പറയുന്നു.
‘അടുത്തത് ഞാനാകാം,’ എന്ന ആശങ്കയാണ് ചിലര്‍ക്കുള്ളത്. പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോലും പുറത്തുപോകാന്‍ തനിക്ക് ഭയമുണ്ടെന്ന് മറ്റ് ചിലര്‍.