
വാഷിംഗ്ടണ്‍ : അമേരിക്കയില്‍ താമസിക്കുന്ന വിദേശികള്‍ക്കായി പ്രത്യേക നിര്‍ദേശം പുറപ്പെടുവിച്ചു. വിദേശികളെ നിരീക്ഷിക്കുന്നതും പരിശോധനയും കര്‍ശനമാക്കിയതോടെയാണ് തിരിച്ചറിയല്‍ രേഖകള്‍ കൈയില്‍ കരുതണമെന്നാണ് നിര്‍ദേശം.
എച്ച്1-ബി വിസയില്‍ ജോലി ചെയ്യുന്നവരും വിദ്യാര്‍ത്ഥികളും ഗ്രീന്‍ കാര്‍ഡ് ഉടമകളുമെല്ലാം എപ്പോഴും തിരിച്ചറിയല്‍ രേഖകള്‍ കൈയില്‍ കരുതണം. ട്രംപ് ഭരണകൂടം അധികാരമേറ്റതിന് ശേഷം രാജ്യത്ത് നടപ്പാക്കുന്ന കുടിയേറ്റ, വിസ നിയമ പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് ഇപ്പോഴത്തെ നിര്‍ദേശം. അമേരിക്കയിലെ ഹോംലാന്റ് സെക്യൂരിറ്റി വിഭാഗം ഇത് സംബന്ധിച്ച് അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇനിമുതല്‍, നിയമാനുസൃതം അമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതോടെ എപ്പോഴും തിരിച്ചറിയല്‍ രേഖകള്‍ കൈയില്‍ കരുതേണ്ടി വരുമെന്ന് സാരം.
രാജ്യത്തെ അനധികൃത കുടിയേറ്റക്കാര്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കാണിച്ച് കഴിഞ്ഞദിവസം കോടതി ഉത്തരവുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് നിയമാനുസൃതമായി രാജ്യത്ത് കഴിയുന്ന വിദേശികളും തിരിച്ചറിയല്‍ രേഖകള്‍ കൈയില്‍ കരുതണമെന്ന നിര്‍ദേശം അധികൃതര്‍ നല്‍കിയത്.
അമേരിക്കന്‍ പൗരന്മാരല്ലാതെ രാജ്യത്ത് കഴിയുന്ന 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരും എപ്പോഴും രേഖകള്‍ കൈയില്‍ കരുതണമെന്നും ഇക്കാര്യം കര്‍ശനമായി നടപ്പാക്കാനുള്ള നിര്‍ദേശമുണ്ടെന്നും അമേരിക്കയിലെ ഹോംലാന്റ് സെക്യൂരിറ്റി വകുപ്പ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.