
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ യൂട്യൂബ് ചാനലുമായി മുന്‍ മന്ത്രിയും ആം ആദ്മി പാര്‍ട്ടി എം.എല്‍.എയുമായിരുന്ന സൗരഭ് ഭരദ്വാജ്. ‘തൊഴില്‍രഹിതനായ രാഷ്ട്രീയക്കാരന്‍’ (ബറോസ്ഗര്‍ നേതാ) എന്നാണ് ചാനലിന് നല്‍കിയിരിക്കുന്ന പേര്.
യൂട്യൂബ് ചാനല്‍ ആരംഭിക്കാന്‍ പോകുന്ന വിവരം എക്‌സിലൂടെയാണ് സൗരഭ് അറിയിച്ചത്. പൊതുജനങ്ങളുമായി ദിനംപ്രതി സംവദിക്കാനുള്ള വേദിയായി ഇതിനെ കാണുന്നുവെന്നും സൗരഭ് പ്രതികരിച്ചു.
ആദ്യത്തെ വീഡിയോയില്‍ തിരഞ്ഞെടുപ്പ് ഫലം എങ്ങനെയാണ് തന്റെ ജീവിതത്തെ അടിമുടി മാറ്റിമറിച്ചതെന്നാണ് സൗരഭ് വിശീകരിക്കുന്നത്. ”പലരും വിളിക്കുകയും സന്ദേശങ്ങള്‍ അയക്കുകയും ചെയ്യുന്നുണ്ട്. തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം ഒരു രാഷ്ട്രീയക്കാരന്റെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ എങ്ങനെയാകുമെന്ന് അറിയിക്കണമെന്നുണ്ട്.
നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും ഞാന്‍ ശ്രമിക്കുന്നതായിരിക്കും’, സൗരഭ് വ്യക്തമാക്കി. യൂട്യൂബ് ചാനലിലൂടെ ഓരോ വിഷയങ്ങള്‍ ഓരോ ദിവസങ്ങളിലായി സൗരഭ് അവതരിപ്പിക്കും. വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും പ്രതികരണങ്ങളിലും പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം. ഇതുവരെ ചാനലിന് 52,000 സബ്‌സ്‌ക്രൈബേഴ്‌സാണുള്ളത്. ഗ്രേറ്റര്‍ കൈലാഷില്‍ ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായിരുന്ന സൗരഭ് ബി.ജെ.പിയുടെ ശിഖ റോയിയോടെയാണ് തോറ്റത്. 3,000 വോട്ടുകള്‍ക്കായിരുന്നു പരാജയം. 45-കാരനായ സൗരഭ് ഭരദ്വാജ് എഞ്ചിനീയറിങ് ബിരുദധാരി കൂടിയാണ്.
Former AAP minister launches YouTube channel after election defeat