ന്യൂഡല്‍ഹി: യമുനയിലെ വെള്ളം അങ്ങേയറ്റം വിഷലിപ്തമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മറുപടി നല്‍കി.
ഹരിയാന യമുനയിലെ ജലത്തെ വിഷലിപ്തമാക്കുന്നുവെന്ന ആരോപണത്തില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ കെജ്രിവാള്‍, ഡല്‍ഹിയുടെ ഹൃദയഭാഗത്തുകൂടി ഒഴുകുന്ന നദിയുടെ മലിനീകരണത്തെക്കുറിച്ചുള്ള ഡാറ്റ സഹിതമാണ് മറുപടി നല്‍കിയത്.
നദിയിലെ അമോണിയയുടെ അളവ് ജലശുദ്ധീകരണ പ്ലാന്റുകള്‍ക്ക് നീക്കാന്‍ കഴിയാത്തത്ര ഉയര്‍ന്ന നിലയിലെത്തിയിട്ടുണ്ടെന്ന് ഡല്‍ഹി ജല ബോര്‍ഡിന്റെ വാദങ്ങളും കെജ്രിവാള്‍ കമ്മിഷനെ അറിയിച്ചിട്ടുണ്ട്. കത്തില്‍ പറയുന്നു. ‘ഡല്‍ഹിയില്‍ മനുഷ്യ ഉപഭോഗത്തിനായി ഹരിയാനയില്‍ നിന്നാണ് ഡല്‍ഹിക്ക് അസംസ്‌കൃത ജലം ലഭിക്കുന്നത്. അടുത്തിടെ ഹരിയാനയില്‍ നിന്ന് ലഭിക്കുന്ന ജലം വളരെ മലിനവും മനുഷ്യന്റെ ആരോഗ്യത്തിന് അത്യന്തം വിഷലിപ്തവുമാണ്’- കെജ്രിവാള്‍ ചൂണ്ടിക്കാട്ടുന്നു. ‘ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഹരിയാനയില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നും കുടിവെള്ളം ലഭിക്കുന്നു. പക്ഷേ ഹരിയാന സര്‍ക്കാര്‍ യമുനയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരുന്ന വെള്ളത്തില്‍ വിഷം കലര്‍ത്തി ഇവിടേക്ക് അയച്ചു. നമ്മുടെ ഡല്‍ഹി ജലബോര്‍ഡ് എഞ്ചിനീയര്‍മാരുടെ ജാഗ്രത മൂലമാണ് ഈ വെള്ളം നിര്‍ത്തിയത്,’ അദ്ദേഹം ആരോപിച്ചു.
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ്, ബിജെപി ഡല്‍ഹിയിലേക്കെത്തുന്ന ജലത്തില്‍ വിഷം കലര്‍ത്തുകയാണെന്ന് കെജ്രിവാള്‍ ആരോപിച്ചിരുന്നു. എന്നാല്‍ താനടക്കം കുടിക്കുന്ന വെള്ളമാണിതെന്നും ഹരിയാനയിലുള്ളവരും ഡല്‍ഹിയിലുണ്ടെന്നും ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ അങ്ങനെ ചെയ്യില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വാദിച്ചു. കെജ്രിവാളിന്റെ അവകാശവാദത്തിനെതിരെ ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും രംഗത്തെത്തി. തെളിവുകള്‍ സഹിതം തന്റെ അവകാശവാദം തെളിയിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് വിവരങ്ങള്‍ കെജ്രിവാള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരിക്കുന്നത്.