ഹൃദയഘാതം: സുപ്രീംകോടതി മുന്‍ ജഡ്ജി വി. രാമസ്വാമി അന്തരിച്ചു; ഇംപീച്ച്‌മെന്റ് നടപടി നേരിട്ട ആദ്യ ജഡ്ജി

ചെന്നൈ : സുപ്രീംകോടതി മുന്‍ ജഡ്ജി വി. രാമസ്വാമി അന്തരിച്ചു. ഹൃദയഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു 96കാരനായ അദ്ദേഹത്തിന്റെ അന്ത്യം. രാജ്യത്ത് ഇംപീച്ച്‌മെന്റ് നടപടികള്‍ നേരിട്ട ആദ്യ ജഡ്ജിയായിരുന്നു.

1989 മുതല്‍ 1994 വരെ സുപ്രീം കോടതി ജഡ്ജിയായിരുന്ന ഇദ്ദേഹം 1987ല്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ പണം ദുര്‍വിനിയോഗം ചെയ്‌തെന്ന ആരോപണത്തിന്മേലാണ് 1993ല്‍ ഇംപീച്ച്‌മെന്റ് നടപടി നേരിട്ടത്.

രാമസ്വാമി കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും കോണ്‍ഗ്രസും സഖ്യകക്ഷികളും ഇംപീച്ച്‌മെന്റ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇതോടെ ലോക്‌സഭയില്‍ ഇംപീച്ച്‌മെന്റ് പ്രമേയം പാസാകാതെ പോയി.

1953 ജൂലൈ 13 ന് അഭിഭാഷകനായി എന്റോള്‍ ചെയ്ത അദ്ദേഹം, 1962ല്‍ അഡീഷനല്‍ ഗവണ്‍മെന്റ് പ്ലീഡറായും 1969ല്‍ പബ്ലിക് പ്രോസിക്യൂട്ടറായും നിയമിതനായി.1971ലാണ് രാമസ്വാമി മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്.1929 ഫെബ്രുവരി 15 നായിരുന്നു ജനിച്ച അദ്ദേഹം മദ്രാസ് ലോ കോളജില്‍ നിന്ന് നിയമത്തില്‍ ബിരുദവും മധുരയിലെ അമേരിക്കന്‍ കോളജില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി.

More Stories from this section

family-dental
witywide