
ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ സൈനിക മേധാവി അസിം മുനീറിനെ അന്തരിച്ച അല്‍-ഖ്വയ്ദ തലവനായ കൊടുംഭീകരന്‍ ഒസാമ ബിന്‍ ലാദനോട് ഉപമിച്ച് മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥന്‍ മൈക്കിള്‍ റൂബിന്‍. 26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്കിനെ കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു റൂബിന്റെ വാക്കുകള്‍ എത്തിയത്. നിലവില്‍ അമേരിക്കന്‍ എന്റര്‍പ്രൈസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ ഫെലോ ആയ റൂബിന്‍, മുനീറും ബിന്‍ ലാദനും തമ്മിലുള്ള ഒരേയൊരു വ്യത്യാസം മാത്രമേയുള്ളൂവെന്നും മുനീര്‍ ഒരു കൊട്ടാരത്തില്‍ താമസിക്കുകയും രണ്ടാമന്‍ ഒരു ഗുഹയില്‍ താമസിക്കുകയും ചെയ്തു എന്നതാണ് അതെന്നും ചൂണ്ടിക്കാട്ടി.
‘പഹല്‍ഗാം ആക്രമണത്തോട് അമേരിക്ക സ്വീകരിക്കേണ്ട ഒരേയൊരു പ്രതികരണം പാകിസ്ഥാനെ ഭീകരതയുടെ രാഷ്ട്രമായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും അസിം മുനീറിനെ തീവ്രവാദിയായി പ്രഖ്യാപിക്കുകയും ചെയ്യുക എന്നതാണെന്നും അദ്ദേഹം എന്‍ഐഎടോയ് യോട് പറഞ്ഞു. മാത്രമല്ല, ‘ബില്‍ ക്ലിന്റണ്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഒരു ഭീകരാക്രമണം നടന്നതുപോലെ, വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ പാകിസ്ഥാന്‍ ആഗ്രഹിക്കുന്നതായി തോന്നുന്നുവെന്നും’ അദ്ദേഹം എടുത്തുപറഞ്ഞു.