
പാരീസ്: ഫ്രാൻസിനും യൂറോപ്പിനും തന്നെ റഷ്യ ഭീഷണിയായി മാറുകയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ആയിരക്കണക്കിനും ടാങ്കുകളും നൂറുകണക്കിന് ജെറ്റ് വിമാനങ്ങളുമായി റഷ്യ തങ്ങളുടെ സൈനിക ശേഷി ഓരോ ദിവസവും വർധിപ്പിക്കുകയാണ്. ഇത് യൂറോപ്പിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് തുറന്നടിക്കുന്നത്. യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള ടെലിവിഷൻ പ്രസംഗത്തിലായിരുന്നു മാക്രോണിന്റെ മുന്നറിയിപ്പ്.
നിങ്ങളോട് സംസാരിക്കുന്ന ഈ നിമിഷത്തിലും ഭാവിയിലും റഷ്യ യൂറോപ്പിനും ഫ്രാൻസിനും ഒരു ഭീഷണി തന്നെയാണ്. ലോകം അപകടകരമായ സാഹചര്യത്തിലേക്ക് നീങ്ങുമ്പോൾ കാഴ്ചക്കാരായി നോക്കി നിൽക്കുന്നത് വിഡ്ഢിത്തമാണ്. റഷ്യ അവരുടെ ബജറ്റിന്റെ 40 ശതമാനവും നീക്കിവെക്കുന്നത് സൈനിക ആവശ്യങ്ങൾ വേണ്ടിയാണ്. 3000 ടാങ്കുകളും 300 ഫൈറ്റർ ജെറ്റുകളുമാണ് റഷ്യ അധികമായി വാങ്ങാൻ പോകുന്നതെന്നുള്ള കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുകൊണ്ട് അവർ അവസാനിപ്പിക്കുമെന്ന് കരുതുന്നില്ലെന്നും മാക്രോൺ പറഞ്ഞു.