
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താനായി യൂറോപ്യൻ നേതാക്കൾ കൂട്ടത്തോടെ വൈറ്റ് ഹൗസിലേക്ക് എത്തുന്നു. റഷ്യ – യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുടെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചകളുടെയും അമേരിക്കയുടെ പുതിയ വ്യാപാര തീരുവ നയത്തിന്‍റെയും പശ്ചാത്തലത്തിലാണ് യൂറോപ്യൻ നേതാക്കൾ കൂട്ടത്തോടെ വൈറ്റ് ഹൗസിലേക്ക് എത്തുന്നത്. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണാണ് ആദ്യം അമേരിക്കയിലെത്തുക. മക്രോൺ ചൊവ്വാഴ്ച്ച വൈറ്റ് ഹൗസിലെത്തി ട്രംപുമായി കൂടിക്കാഴ്ച നടത്തും.
മക്രോണിന് പിന്നാലെ യു കെ പ്രധാനമന്ത്രി കീത്ത് സ്റ്റാർമർ വ്യാഴാഴ്ച വൈറ്റ് ഹൗസിലെത്തും. യുക്രൈൻ – റഷ്യ വിഷയമാണ് പ്രധാന അജണ്ട. ട്രംപിന്‍റെ വ്യാപാര തീരുവ നയത്തിലും ചർച്ചകളുണ്ടാകുമെന്ന് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ റഷ്യ – യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകാനുള്ള അമേരിക്കയുടെ ഏകപക്ഷീയ നീക്കത്തിൽ പ്രതിഷേധം പരസ്യമാക്കി യൂറോപ്യൻ രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു.
അമേരിക്കയുടെ ഏകപക്ഷീയമായ നീക്കത്തെ വിമർശിച്ച യൂറോപ്യൻ രാജ്യങ്ങളിലെ നേതാക്കൾ, വിഷയം ചർച്ച ചെയ്യാൻ പാരിസിൽ പ്രധാന യൂറോപ്യൻ രാജ്യങ്ങളുടെ അടിയന്തര യോഗം ചേരാനടക്കം തീരുമാനിച്ചിരുന്നു. ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ഇംഗ്ലണ്ട്, പോളണ്ട് രാജ്യങ്ങളെല്ലാം തന്നെ അമേരിക്കയുടെ ഏകപക്ഷീയ നീക്കത്തിൽ കടുത്ത പ്രതിഷേധം വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് യൂറോപ്യൻ നേതാക്കൾ കൂട്ടത്തോടെ വൈറ്റ് ഹൗസിലേക്ക് എത്തുന്നത്.