
കുവൈത്ത് സിറ്റി: രാജ്യത്തെ ആകെ ഞെട്ടിച്ച് വ്യാജ പൗരത്വ കേസ്. 1965 മുതലുള്ള ഒരു സങ്കീർണ്ണമായ വ്യാജ പൗരത്വ തട്ടിപ്പാണ് പുറത്ത് വന്നത്. 164 വ്യക്തികളുടെ കുവൈത്ത് പൗരത്വം റദ്ദാക്കുന്നതിലേക്ക് ഈ അന്വേഷണം എത്തിയത്.
1965 ലാണ് ഈ കഥ ആരംഭിക്കുന്നത്. ഒരാൾ ദേശീയ നിയമത്തിലെ ആർട്ടിക്കിൾ 1 പ്രകാരം കുവൈത്ത് പൗരത്വത്തിന് അപേക്ഷിച്ചു. 1920ന് മുമ്പ് പിതാവ് കുവൈത്തിൽ ഉണ്ടായിരുന്നവർക്കുള്ള പൗരത്വമാണ് ഈ വകുപ്പ് അനുവദിക്കുന്നത്. സാക്ഷികളുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിൽ, പിതാവ് ഈ മാനദണ്ഡം പാലിച്ചുവെന്ന് ഇയാൾ അവകാശപ്പെട്ടു. അന്നത്തെ അധികൃതര്‍ ചോദ്യം ചെയ്തപ്പോൾ, പിതാവ് മരിച്ചുപോയെന്നും തനിക്ക് സഹോദരങ്ങളോ പിതൃസഹോദരന്മാരോ ഇല്ലെന്നും പറഞ്ഞു. കൂടുതൽ പരിശോധനകളില്ലാതെ പൗരത്വം ലഭിച്ചു. വഞ്ചന അവിടെ അവസാനിച്ചില്ല. 1970 ൽ, തന്‍റെ പൗരത്വത്തില്‍ ആര്‍ക്കും സംശയമില്ലെന്ന് തോന്നിയപ്പോൾ തന്‍റെ ഒരു സഹോദരനെ കുവൈത്തിലേക്ക് കൊണ്ടുവന്നു. വീണ്ടും സാക്ഷിമൊഴികളുടെ സഹായത്തോടെ, ആർട്ടിക്കിൾ 1 പ്രകാരം അയാൾക്കും പൗരത്വം നേടിയെടുത്തു. 1973 ൽ വീണ്ടും ഇതേ മാര്‍ഗം ആവര്‍ത്തിച്ച് മറ്റൊരു സഹോദരനെ എത്തിച്ചു.
അങ്ങനെ ആറ് സഹോദരന്മാർക്കും വ്യാജമായ പൂർവ്വികത്വ അവകാശവാദത്തിന്‍റെ അടിസ്ഥാനത്തിൽ കുവൈത്തി പൗരത്വം ലഭിക്കുന്നതുവരെ ഈ രീതി തുടർന്നു. എന്നാല്‍, 1982 ൽ, ഈ തട്ടിപ്പ് പദ്ധതിയിലെ ആദ്യത്തെയും പ്രധാനപ്പെട്ട വ്യക്തി പെട്ടെന്ന് കുവൈത്ത് വിട്ട് തന്‍റെ ജന്മനാടായ ഇറാഖിലെ അൻബാർ ഗവർണറേറ്റിലേക്ക് മടങ്ങി. അവിടെ, ഒരു ഗോത്ര ഷെയ്ഖ് എന്ന തന്‍റെ യഥാർത്ഥ പൗരത്വത്തില്‍ ജീവിതം പുനരാരംഭിച്ചു, വീണ്ടും വിവാഹം കഴിക്കുകയും ചെയ്തു.
പിന്നീട് കുവൈത്തിലേക്ക് ഇയാൾ മടങ്ങിയില്ല. ഏകദേശം 15 വർഷം മുമ്പ് ഇറാഖിൽ വെച്ച് അദ്ദേഹം കൊല്ലപ്പെട്ടതായി അന്വേഷകർ പിന്നീട് കണ്ടെത്തി. വർഷങ്ങൾക്ക് ശേഷം, നാഷണാലിറ്റി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ് പഴയ ഫയലുകൾ വീണ്ടും പരിശോധിക്കാൻ തുടങ്ങിയപ്പോഴാണ് തട്ടിപ്പിൻ്റെ ആഴം മനസിലാക്കിയത്. അവർ ആ വ്യക്തിയുടെ യഥാർത്ഥ പേരും ഇറാഖി ഭാര്യയിലുള്ള മകനെയും കണ്ടെത്തി. ഡിഎൻഎ പരിശോധനകൾ നടത്തി, ഇപ്പോഴും കുവൈത്തില്‍ താമസിക്കുന്ന സഹോദരന്മാരുമായി താരതമ്യം ചെയ്തു. ഫലങ്ങൾ അവരുടെ ജൈവിക ബന്ധം സ്ഥിരീകരിച്ചതോടെയാണ് ഇത്രയധികം പേരുടെ കുവൈത്തി പൗരത്വം റദ്ദാക്കുന്നതിലേക്ക് എത്തിയത്.