
മാനുഷിക സ്നേഹം അത്രമേൽ വിളിച്ചോതിയ അപൂർവം മനുഷ്യരിൽ ഒരാളെന്ന വിശേഷണത്തോടെ ഫ്രാൻസിസ് പാപ്പ കാലം ചെയ്തപ്പോൾ ലോകമാകെ വേദനയിൽ. കത്തോലിക്കാ സഭയിൽ അടിമുടി മാറ്റത്തിന്‍റെ വിപ്ലവം കൊണ്ടുവന്ന വലിയ ഇടയൻ, പൊതു സമൂഹത്തിന് പകർന്ന് നൽകിയതും നന്മയുടെയും മനുഷത്വത്തിന്‍റെയും സ്നേഹമായിരുന്നു. ലളിത ജീവിതം കൊണ്ട് അക്ഷരാർത്ഥത്തിൽ ലോകത്തിന് മാതൃകയായിരുന്നു പാപ്പ. വത്തിക്കാൻ കൊട്ടാരം ഉപേക്ഷിച്ചിറങ്ങി പാപ്പ, അതിഥി മന്ദിരത്തിലെ സാധാരണ മുറിയിലാണ് താമസിച്ചിരുന്നു. ആഡംബരങ്ങളും സമ്പത്തുമെല്ലാം ഉപേക്ഷിച്ച് വിശപ്പിലും ദാരിദ്ര്യത്തിലും ജീവിതപ്രകാശം കണ്ടെത്തിയ അസീസ്സിയിലെ ഫ്രാൻസിസിന്റെ പേര് സ്വീകരിക്കുക മാത്രമല്ല, ജീവിതം കൊണ്ട് അതൊരു സന്ദേശവുമാക്കി.
സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും വേണ്ടി ശബ്ദമുയർത്തിയ മാർപാപ്പ, കാൽ കഴുകൽ ശുശ്രൂഷയിൽ അഭയാർത്ഥികളെയും സ്ത്രീകളെയും ഉൾപ്പെടുത്തി നടത്തിയത് സഭക്കുള്ളിൽ വലിയ വിപ്ലവമാണ് സാധ്യമാക്കിയത്. സ്വവർഗാനുരാഗികളെ ദൈവത്തിന്‍റെ മക്കളെന്ന് മാർപാപ്പ വിശേഷിപ്പിച്ചപ്പോൾ മനുഷ്യ സ്നേഹത്തിന്‍റെ വെളിച്ചം കൂടിയായിരുന്നു വത്തിക്കാനിൽ പ്രകാശിച്ചത്. ഏറ്റവും ഒടുവിൽ ഇന്നലെ നടത്തിയ ഈസ്റ്റർ സന്ദേശത്തിൽ ഗാസയുടെ കണ്ണീരൊപ്പാൻ ലോകത്തോട് ആഹ്വാനം ചെയ്തപ്പോഴും കണ്ടത് മനുഷ്യസ്നേഹം തന്നെ.
12 വർഷമാണ് ഫ്രാൻസിസ് പാപ്പ കത്തോലിക്കാ സഭയുടെ തലവനായിരുന്നത്. 2013 ൽ പോപ്പായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ തന്നെ റോമൻ കത്തോലിക്കാ സഭയിൽ ഒരു പുതിയ യുഗത്തിന് തുടക്കമായിരുന്നു. പടിഞ്ഞാറൻ അർധഗോളത്തിൽ നിന്നുള്ള ആദ്യത്തെ പോപ്പ്, തെക്കേ അമേരിക്കയിൽ നിന്നുള്ള ആദ്യ പോപ്പ്, ജെസ്യൂട്ട് ക്രമത്തിൽ നിന്നുള്ള ആദ്യ പോപ്പ് എന്നിങ്ങനെ നിരവധി ചരിത്രമെഴുതിയായിരുന്നു കടന്നുവരവ്. കാലാവസ്ഥാ പ്രതിസന്ധിയെ അഭിസംബോധന ചെയ്തുകൊണ്ട് പരിസ്ഥിതിക്ക് വേണ്ടിയാണ് ആദ്യം പാപ്പ ശബ്ദമുയർത്തിയത്. പിന്നീട് കത്തോലിക്കാ സഭയ്ക്കുള്ളിലും പുറത്തും നവീകരണത്തിന്റെ വക്താവായിരുന്നു. പുരോഹിതരുടെ ലൈംഗിക പീഡനത്തെ അതിജീവിച്ചവരോട് ഫ്രാൻസിസ് പാപ്പ നടത്തിയ ചരിത്രപരമായ ക്ഷമാപണം, മനുഷ്യനുള്ള കാലം വരെ ഓർമ്മിക്കപ്പെടും.
ഭീകരതയും അഭയാർഥി പ്രശ്നവും മുതൽ ആഗോളതാപനം വരെയുള്ള കാര്യങ്ങളിലെ പാപ്പയുടെ നിലപാടുകൾക്കായി ലോകം കാതോർത്തിരുന്നിട്ടുണ്ട്. ലോകരാഷ്ട്രീയത്തിൽ തന്നെ ഏറ്റവും നിർണായകമായ പല ഇടപെടലുകളും പാപ്പ നടത്തിയിരുന്നു. ക്യൂബയും അമേരിക്കയും തമ്മിലുള്ള ശീതയുദ്ധത്തിന് അയവുവരുത്തുന്നതിൽ നിർണായക പങ്കുവഹിച്ചത് മറ്റാരുമായിരുന്നില്ല. അഭയാർഥികളോടു മുഖം തിരിക്കാനുള്ള യൂറോപ്പിന്റെ പ്രവണതയെ രൂക്ഷമായി വിമർശിച്ചു. സഭാ ഭരണത്തിൽ വനിതകൾക്കു പ്രാതിനിധ്യം നൽകുന്നതിലും ഭിന്നലൈംഗികവിഭാഗങ്ങളുടെ അവകാശങ്ങൾ അംഗീകരിക്കുന്നതിനും മുൻകൈയെടുത്തു. വധശിക്ഷ ഒഴിവാക്കണമെന്ന് ആഹ്വാനത്തിലും മുഴങ്ങിക്കേട്ടത് മനുഷ്യസ്നേഹം തന്നെ.
1936 ഡിസംബർ 17 ൽ അർജന്റീനയിൽ ബ്യൂണസ് ഐറിസിൽ ജനിച്ച മാർപാപ്പയുടെ പേര് ജോർജ് മാരിയോ ബർഗോളിയോ എന്നായിരുന്നു. രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ബർഗോളിയോ 1969 ഡിസംബർ 13 നാണ് ജെസ്യൂട്ട് വൈദികനായത്. പിന്നിട് 1973 മുതൽ 1979 വരെ അർജന്‍റീനൻ സഭയുടെ പ്രൊവീൻഷ്യാളായിരുന്നു. 1980 ൽ സാൻ മിഗ്വൽ സെമിനാരി റെക്‌ടറായി. 1992 ൽ ബ്യൂണസ് ഐറിസിന്റെ സഹായമെത്രാനായി. 1998 ൽ ബ്യൂണസ് ഐറിസ് ആർച്ച് ബിഷപ്പായി. ബിഷപ്പായിരിക്കെ ആഡംബരപൂർണമായ വസതി ഉപേക്ഷിച്ച് ചെറിയ വീട്ടിലായിരുന്നു താമസം. സ്വന്തമായി ഭക്ഷണം പാകം ചെയ്‌തു. ഔദ്യോഗിക വാഹനം ഉപയോഗിക്കാതെ പൊതുഗതാഗത സംവിധാനത്തിലായിരുന്നു അന്ന് യാത്ര. 2001 ലാണ് കർദിനാളായത്. വത്തിക്കാൻ ഭരണകൂടമായ റോമൻ കൂരിയായയുടെ വിവിധ ഭരണ പദവികളിൽ സേവനമനുഷ്‌ഠിച്ചു. 2005 ൽ അർജന്റീനയിലെ എപ്പിസ്‌കോപ്പൽ കോൺഫറൻസിന്റെ അധ്യക്ഷനായി. മൂന്നു വർഷത്തിനു ശേഷം ഇതേ പദവിയിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ നേതൃപാടവത്തിനുള്ള അംഗീകാരമായിരുന്നു അത്. 2013 ൽ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീടുള്ള ആ ജീവിതം മനുഷ്യ സ്നേഹത്തിന്‍റെ ഉദാത്ത മാതൃകയായിരുന്നു. മനുഷ്യനെ സ്നേഹിച്ച ആ വലിയ ഇടയന്‍റെ വേർപാട് ക്രിസ്തീയ സഭകൾക്കെന്നല്ല മാനവരാശിക്ക് തന്നെ തീരാനഷ്ടം ആണ്.