രാജാവ് തിരിച്ച് വന്ന് രക്ഷിക്കണമെന്ന് ആവശ്യം, ഒപ്പം യോഗി ആദിത്യനാഥിന്‍റെ ചിത്രവും; നേപ്പാളിൽ ആളിക്കത്തി പ്രതിഷേധം, ഇന്ത്യയെ കുറ്റപ്പെടുത്തി പ്രധാനമന്ത്രി

കാഠ്മണ്ഡു: ജനാധിപത്യം വേണ്ടെന്നും രാജവാഴ്ച തിരികെ വേണമെന്നും ആവശ്യവുമായി നേപ്പാളിൽ പ്രതിഷേധം. 2015 മുതൽ മതനിരപേക്ഷ റിപ്പബ്ലിക്കായ തുടരുന്ന നേപ്പാളിനെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നാണ് ഉയരുന്ന പ്രധാന മുദ്രാവാക്യങ്ങളിലൊന്ന്. പ്രതിഷേധങ്ങളെ പൊലീസിനെ ഉപയോഗിച്ച് നേരിടാനാണ് സര്‍ക്കാർ ശ്രമിക്കുന്നത്. മൂന്ന് പേര്‍ ഇതിനകം മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേറ്റുവെന്നുമാണ് റിപ്പോര്‍ട്ടുകൾ.

‘രാജാ ആവൂ ദേശ് ബചാവൂ’ (രാജാവ് തിരികെ വരൂ…രാജ്യത്തെ രക്ഷിക്കൂ) എന്ന മുദ്രാവാക്യമാണ് പ്രക്ഷോഭം നടത്തുന്നവര്‍ ഉന്നയിക്കുന്നത്. മാർച്ച് 28ന് ഈ ആവശ്യവുമായി ഒരു റാലി നടന്നിരുന്നു. രാജഭരണത്തിന് അനുകൂലമായി റാലി നടക്കുമ്പോൾ തന്നെ ഇടതുമുന്നണിയുടെ എതിർ റാലിയും നടന്നു. രണ്ട്‌ മുൻ പ്രധാനമന്ത്രിമാർ ഉൾപ്പെടെയുള്ളവർ അവിടെ ജനാധിപത്യത്തിന് അനുകൂലമായി പ്രസംഗിച്ചു. വീണ്ടും കിരീടമണിയാമെന്ന സ്വപ്നം വേണ്ടെന്ന് അവർ രാജാവ് ഗ്യാനേന്ദ്ര ഷായ്ക്ക് മുന്നറിയിപ്പും നൽകി. രാജാവിനെ അറസ്റ്റുചെയ്യാൻ പ്രധാനമന്ത്രി കെ പി ശർമ ഒലിയോട് ആവശ്യപ്പെടുകയും ചെയ്തു.

നേപ്പാളിലെ അവസാനത്തെ രാജാവാണ് ഇപ്പോൾ 77 വയസുള്ള ഗ്യാനേന്ദ്ര ഷാ. വീണ്ടും രാജ്യം ഭരിക്കണമെന്ന മോഹം ഗ്യാനേന്ദ്ര ഷാ തുറന്നുപറഞ്ഞിട്ടില്ല. എന്നാൽ, നേപ്പാളിന്റെ സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക അവസ്ഥയിലുള്ള ആശങ്കയറിച്ച് ഗ്യാനേന്ദ്ര ഷാ ഇടയ്ക്കിടെ സന്ദേശങ്ങളിറക്കാറുണ്ട്. ഫെബ്രുവരി 18ന് ഷാ ജനങ്ങൾക്കയച്ച സന്ദേശമാണ് പ്രക്ഷോഭത്തിന് തുടക്കമിടാൻ പ്രചോദനമായത്.

എന്നാല്‍, രാജഭരണാനുകൂല പ്രക്ഷോഭം ആളിക്കത്തിച്ചത് ഇന്ത്യയാണെന്ന്‌ ആരോപിച്ചു പ്രധാനമന്ത്രി ഒലി രംഗത്ത് വന്നതും ചര്‍ച്ചയായിട്ടുണ്ട്. പ്രക്ഷോഭത്തിൽ പങ്കെടുത്തവർ ഗ്യാനേന്ദ്രയുടെ ചിത്രത്തിനൊപ്പം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രവും ഉയർത്തിപ്പിടിച്ചതാണ് ഇങ്ങനെയൊരു ആരോപണത്തിനുള്ള കാരണം. യോഗി ആദിത്യനാഥ് മുഖ്യപുരോഹിതനായ ഗോരഖ്നാഥ് മഠത്തിന് നേപ്പാൾ രാജകുടുംബവുമായി ചരിത്രപരമായ ബന്ധമുണ്ട്.

Also Read

More Stories from this section

family-dental
witywide