
ആലപ്പുഴ: സി പി എം സംസ്ഥാന സമ്മേളനത്തിന് പിന്നാലെ പാർട്ടിയിൽ പ്രതിഷേധ സ്വരമുയർത്തി മുതിർന്ന നേതാവ് ജി സുധാകരൻ രംഗത്ത്. ഡൽഹിയിലെ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസിനെ ലക്ഷ്യമിട്ടുള്ള വിമർശനമാണ് സുധാകരൻ നടത്തിയത്. തോമസിന് മാസം പത്ത് മുപ്പത് ലക്ഷം രൂപയോളം വരുമാനം നൽകുന്ന സർക്കാർ തീരുമാനത്തെയാണ് അദ്ദേഹം ചോദ്യം ചെയ്തത്. കോളജ് പ്രൊഫസറുടെ പെൻഷൻ, എം പി, എം എൽ എ പെൻഷൻ, ഡൽഹിയിൽ സർക്കാർ പ്രതിനിധി തുടങ്ങി പല രീതിയിൽ കെ വി തോമസിന് സർക്കാർ വരുമാനമുണ്ടെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
‘ഡൽഹിയിലിരിക്കുന്ന കെ വി തോമസിന് പന്ത്രണ്ടര ലക്ഷം രൂപയാണ് മാസം യാത്രാ ചെലവ്. രണ്ടര മൂന്ന് ലക്ഷം രൂപ മാസത്തിൽ ശമ്പളം. കോളജ് പ്രൊഫസറുടെ പെൻഷൻ, എം എൽ എയുടെ പെൻഷൻ, എം പിയുടെ പെൻഷൻ., അങ്ങനെ മൊത്തം ഒരു മാസം എത്ര ലക്ഷം രൂപ കിട്ടും? ഇത് പുഴുങ്ങിത്തിന്നുമോ? എന്തിനാ ഇത്രയും പൈസ? പത്ത് മുപ്പത് ലക്ഷം രൂപയാണ് ഒരു മാസം കയ്യിൽ കിട്ടുന്നത്. അയാളാണെങ്കിൽ പഴയ കോൺഗ്രസുകാരൻ, ഡി സി സി പ്രസിഡന്റ്, ഞങ്ങൾക്കെതിരെ മത്സരിച്ചയാൾ, നമ്മുടെ കൂടെ വന്നു എന്നതുകൊണ്ട് അത് വിടാം. എനിക്ക് 35000 രൂപയാണ് പെൻഷൻ കിട്ടുന്നത്. അതിൽ നിന്നാണ് 9000 രൂപ ലെവി കൊടുത്തത്. അതാണ് എന്റെ പാർട്ടി ബോധം, പക്ഷേ പാർട്ടിയിലേക്ക് വന്ന് കയറിയവർക്ക് ഇതൊക്കെയുണ്ടോ – എന്നായിരുന്നു സുധാകരൻ ചോദിച്ചത്.
പ്രായപരിധിയുടെ കാര്യത്തിലും സുധാകരൻ വിമർശനമുന്നയിച്ചു. സിപിഎമ്മില്‍ ചില നേതാക്കള്‍ പ്രായ പരിധിയില്‍ മാസങ്ങളുടെ വ്യത്യാസത്തില്‍ പദവികളില്‍ തുടരുന്നവരുണ്ട്. രണ്ടോ മൂന്നോ മാസം വ്യത്യാസമുള്ളവര്‍ മൂന്ന് വര്‍ഷത്തോളം വീണ്ടും പദവിയില്‍ തുടരാനാവും. എപ്പോള്‍ 75 വയസ് കഴിയുന്നോ അപ്പോള്‍ പദവികളില്‍ നിന്ന് ഒഴിയണമെന്നും സുധാകരന്‍ പറഞ്ഞു. ടി പി രാമകൃഷ്ണനും ഇ പി ജയരാജനും അടുത്ത മാസങ്ങളിലായി 75 വയസ് തികയുന്നവരാണ്. എന്നാല്‍ അവരെല്ലാം തന്നെ സംസ്ഥാന സെക്രട്ടറിയേറ്റിലും കേന്ദ്രകമ്മിറ്റിയിലും ഇപ്പോഴും തുടരുന്നു. അതുകൊണ്ടു തന്നെ അവര്‍ക്ക് 78 വയസുവരെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ തുടരാന്‍ സാധിക്കും. പക്ഷെ താന്‍ സംസ്ഥാന കമ്മിറ്റിയില്‍ അംഗമായിരിക്കെയാണ് 75 വയസെന്ന പ്രായപരിധിക്ക് മുന്നേ സ്ഥാനം ഒഴിഞ്ഞതെന്നും സുധാകരൻ വിവരിച്ചു.