
ജറുസലേം: യുദ്ധത്തില്‍ തകര്‍ന്ന ഗാസയിലേക്കുള്ള എല്ലാ സഹായങ്ങളും ഇസ്രായേല്‍ നിര്‍ത്തലാക്കി ഒരാഴ്ച പിന്നിടുമ്പോള്‍ വൈദ്യുതി വിഛേദിക്കാനും നീക്കം. ഗാസയിലേക്കുള്ള വൈദ്യുതി വിതരണം നിര്‍ത്താന്‍ താന്‍ നിര്‍ദ്ദേശം നല്‍കിയതായി ഇസ്രായേല്‍ ഊര്‍ജ്ജ മന്ത്രി എലി കോഹന്‍ ഞായറാഴ്ച പറഞ്ഞു.
‘ഗാസ മുനമ്പിലേക്ക് വൈദ്യുതി വിതരണം ഉടന്‍ നിര്‍ത്താനുള്ള ഉത്തരവില്‍ ഞാന്‍ ഒപ്പുവച്ചു, ബന്ദികളെ തിരികെ കൊണ്ടുവരുന്നതിനും യുദ്ധത്തിനു ശേഷം ഹമാസ് ഗാസയില്‍ ഇല്ലെന്ന് ഉറപ്പാക്കുന്നതിനും ഞങ്ങളുടെ പക്കലുള്ള എല്ലാ ഉപകരണങ്ങളും ഞങ്ങള്‍ ഉപയോഗിക്കും’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
15 മാസത്തിലേറെ നീണ്ടുനിന്ന പോരാട്ടം വെടിനിര്‍ത്തല്‍ കരാര്‍ വന്നതോടെ നിര്‍ത്തിയിരുന്നു. കരാര്‍ നീട്ടുന്നതിനുള്ള നിബന്ധനകള്‍ ഹമാസ് അംഗീകരിക്കുന്നതുവരെ ഗാസയിലേക്കുള്ള സഹായ വിതരണം തടയുകയാണെന്ന് കഴിഞ്ഞ ആഴ്ച ഇസ്രായേല്‍ പ്രഖ്യാപിച്ചു. ഹമാസിനെ സമ്മര്‍ദ്ദത്തിലാക്കാനാണ് നീക്കം. ഏപ്രില്‍ പകുതി വരെ ആദ്യ ഘട്ടം കരാര്‍ നീട്ടാന്‍ ആഗ്രഹിക്കുന്നുവെന്ന് ഇസ്രായേല്‍ പറഞ്ഞിട്ടുണ്ടെങ്കിലും, യുദ്ധം സ്ഥിരമായി അവസാനിപ്പിക്കുന്നതിലാണ് ഹമാസ് ഉറച്ചുനില്‍ക്കുന്നത്.
സഹായം നിര്‍ത്തിവെച്ച ഇസ്രായേല്‍ യുദ്ധക്കുറ്റം ചെയ്തതായി ഹമാസ് ശനിയാഴ്ച ആരോപിച്ചു. മാത്രമല്ല, ഈ നീക്കം അവിടെ ഇപ്പോഴും തടവിലാക്കപ്പെട്ട ഇസ്രായേലി ബന്ദികളെ ബാധിച്ചുവെന്നും അവര്‍ പറഞ്ഞു. 2023 ഒക്ടോബര്‍ 7 ന് ഹമാസ് ഇസ്രായേലിനെതിരായി നടത്തിയ ആക്രമണത്തില്‍ പിടിക്കപ്പെട്ട 251 പേരില്‍ 58 പേര്‍ പലസ്തീന്‍ പ്രദേശത്ത് തന്നെ തുടരുന്നു. ഇതില്‍ 34 പേര്‍ മരിച്ചതായി ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു. ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഹമാസിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.