
വാഷിംഗ്ടൺ: ജോർജിയ സെനറ്റ് ട്രംപിനും കൂട്ടാളികൾക്കും നഷ്ട പരിഹാരം നൽകാൻ തീരുമാനിച്ചു. 2020ലെ പൊതു തെരഞ്ഞെടുപ്പിൽ തങ്ങൾക്കു നീതി ലഭിച്ചില്ല എന്നാരോപിച്ച് പ്രസിഡന്റ് ട്രംപും ഒരു ഡസനിലധികം അനുയായികളും ഫയൽ ചെയ്തിരുന്ന കേസിലാണ് ഈ നടപടി. കൗണ്ടികൾക്കു നൽകിയ ലീഗൽ ഫീസും മറ്റു ചെലവുകളും അപ്പീൽ വാദികൾക്ക് തിരിച്ച് നൽകും. ട്രംപിനും അനുയായികൾക്കും എതിരായ ക്രിമിനൽ കേസിൽ വിധി പ്രസ്താവിച്ച ഫുൾട്ടൻ കൗണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഫാനി വില്ലിസിനെതിരെ മുൻപേ തന്നെ നടപടികൾ സ്വീകരിച്ചിരുന്നു.
വില്ലിസ് തന്റെ കാമുകൻ സ്പെഷൽ പ്രോസിക്യൂട്ടർ നേഥൻ വേഡിനെ കേസിൽ വാദിക്കാൻ നിയോഗിച്ചത് നേരത്തെ വലിയ വിവാദമായിരുന്നു. വില്ലിസും കാമുകനും ചേർന്ന് തെറ്റായ മാർഗത്തിലേക്ക് കേസിനെ വഴി തിരിച്ചു വിട്ടെന്നുള്ള ആരോപണങ്ങളാണ് ഉയർന്നത്. ജോർജിയ സെനറ്റിലെ ന്യൂനപക്ഷ നേതാവിന് ചില വിയോജിപ്പുകൾ ഉണ്ടായിരുന്നെങ്കിലും സെനറ്റ് തീരുമാനം ഏകകണ്ഠമായിരുന്നു.
സംസ്ഥാന സെനറ്റിന്റെ മറ്റൊരു തീരുമാനത്തിൽ സ്റ്റേറ്റിനും സബ് കമ്മിറ്റികൾക്കും ചില പ്രത്യേക അധികാരങ്ങൾ നൽകി. ഒരു പ്രത്യേക കമ്മിറ്റി വില്ലിസിന്റെ നടപടികളെ കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. വില്ലിസിനെ സബ് പീന ചെയ്യുവാൻ നടത്തിയ ആദ്യ ശ്രമത്തിനു അവർ വഴങ്ങിയില്ല. വീണ്ടും സബ് പീന ചെയ്യുവാനുള്ള ശ്രമം തുടരാമെന്ന് ഒരു കോടതി വിധിയുണ്ടായി. അന്വേഷണ കമ്മിറ്റിക്കു കാര്യമായ പുരോഗതി ഉണ്ടാക്കുവാൻ കഴിഞ്ഞിട്ടില്ല. ലെഫ്റ്റനന്റ് ഗവർണർ ബർട് ജോൺസും മറ്റു റിപ്പബ്ലിക്കനുകളും സ്റ്റേസി അബ്‌റാംസിനെയും അന്വേഷണ പരിധിയിൽ കൊണ്ട് വരാനുള്ള ശ്രമത്തിലാണ്. കൂടുതൽ ഗൗരവമുള്ള അന്വേഷണം അബ്‌റാംസിന്റെ ന്യൂ ജോർജിയ പ്രോജക്ടും 2018ലെ അബ്‌റാംസിന്റെ ഗവർണർ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചെലവുകളും ലക്ഷ്യമാക്കി നീങ്ങും എന്നാണ് അറിയുന്നത്.