കൊച്ചി : ആണ്‍സുഹൃത്തിന്റെ ക്രൂര ആക്രമണത്തിന് ഇരയായ ചോറ്റാനിക്കരയിലെ പെണ്‍കുട്ടി മരിച്ചു. പോക്‌സോ കേസിലെ അതിജീവിതയായ 19 വയസ്സുള്ള പെണ്‍കുട്ടിയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കിടെ മരണപ്പെട്ടത്. കഴിഞ്ഞ 6 ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഉച്ചയ്ക്ക് 2 മണിയോടെയാണു മരണം.
ഇതോടെ, പെണ്‍കുട്ടിയെ മര്‍ദിച്ച് അവശയാക്കുകയും നിരന്തരം പീഡനത്തിനിരയാക്കുകയും ചെയ്തിരുന്ന ആണ്‍സുഹൃത്ത് തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് കുഴിപ്പുറത്തു വീട്ടില്‍ അനൂപിനെതിരെ കൊലക്കുറ്റം ചുമത്തിയേക്കും.
ചോറ്റാനിക്കരയിലെ വീടിനുള്ളില്‍ ഞായറാഴ്ച വൈകിട്ടോടെയാണ് മുറിവേറ്റ് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. കഴുത്തില്‍ കയര്‍ മുറുകിയ നിലയിലും ശരീരമസകലം ചതവേറ്റ നിലയിലുമായിരുന്നു. അര്‍ധനഗ്നയായ നിലയിലായിരുന്നു ബന്ധു പെണ്‍കുട്ടിയെ കണ്ടതെന്ന് പൊലീസ് പറയുന്നു. കഴുത്തിലുള്ള മുറിവ് ഗുരുതരമായിരുന്നു. ദേഹമാസകലം ചതവുമുണ്ട്. കയ്യിലെ മുറിവില്‍ ഉരുമ്പരിച്ച നിലയിലായിരുന്നു. ദത്തുപുത്രിയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലുണ്ടാവാറില്ലെന്നും മിക്ക ദിവസങ്ങളിലും വീട്ടില്‍ യുവതി ഒറ്റയ്ക്കായിരിക്കുമെന്നും വിവരമുണ്ട്.