
കോഴിക്കോട് : കൊയിലാണ്ടി കുറുവങ്ങാട് ഉത്സവത്തിനിടെ ആനയിടഞ്ഞ് മരണപ്പെട്ട ലീല എന്ന വയോധികയുടെ സ്വര്‍ണം കാണാനില്ലെന്ന പരാതിയില്‍ പുതിയ ട്വിസ്റ്റ്. കുടുംബത്തിന്റെ പരാതിക്കു പിന്നാലെ മാലയുടെ രണ്ട് ഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നിന്നാണ് മാലയുടെ ഭാഗങ്ങള്‍ കണ്ടെത്തിയത്. ആരുടേതെന്ന് അറിയാത്തതിനാല്‍ മാലയുടെ ഭാഗങ്ങള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. പരാതി എത്തിയതോടെ ഇവ ആശുപത്രി അധികൃതര്‍ കുടുംബത്തിന് കൈമാറുകയായിരുന്നു.
ലീല ധരിച്ചിരുന്ന സ്വര്‍ണ മാലയും കമ്മലുകളും കാണാനില്ലെന്ന് ആരോപിച്ച് കുടുംബം പൊലീസിന് പരാതിനല്‍കിയിരുന്നു. മൃതദേഹത്തില്‍ നിന്നും കിട്ടിയത് സ്വര്‍ണ വളകള്‍ മാത്രമായിരുന്നുവെന്നും ലീല ധരിച്ചിരുന്ന സ്വര്‍ണ മാലയും കമ്മലുകളും കാണാനില്ലെന്നുമായിരുന്നു കുടുംബത്തിന്റെ പരാതി. നാല് പവനോളം സ്വര്‍ണാഭരണങ്ങള്‍ കാണാതായതായി ലീലയുടെ സഹോദരന്‍ പറഞ്ഞു.