കൊച്ചി: അമേരിക്കയില്‍ ട്രംപ് അധികാരത്തിലേറിയതിന്റെ ചലനങ്ങള്‍ കേരളത്തിലെ സ്വര്‍ണവ്യാപാരത്തിലും പ്രതിധ്വനിക്കുന്നു. സ്വര്‍ണ വില കുതിച്ചു കയറുകയാണ്. പവന് ചരിത്രത്തിലാദ്യമായി 60,000 രൂപയ്ക്ക് മുകളിലെത്തി. ഇന്ന് ഒറ്റയടിക്ക് 600 രൂപയാണ് ഉയര്‍ന്നത്. ഇതോടെ പവന് 60,200 രൂപയായി. ഗ്രാമിന് 75 രൂപ ഉയര്‍ന്ന് 7,525 രൂപയിലെത്തി നില്‍ക്കുന്നു.
കഴിഞ്ഞ ഒക്ടോബറിലായിരുന്നു സ്വര്‍ണവില ചരിത്രം തൊട്ടത്. ഒക്ടോബര്‍ 31ന് ഗ്രാമിന് 7,455 രൂപയും പവന് 59,640 രൂപയുമായിരുന്നു. ഈ ചരിത്രമാണ് ഇപ്പോള്‍ തിരുക്കിക്കുറിക്കപ്പെട്ടത്.
ഡോളറിന്റെ മൂല്യം ദുര്‍ബലമായതും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വ്യാപാര നയങ്ങളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വവും സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ദ്ധിപ്പിച്ചു. ബുധനാഴ്ച സ്വര്‍ണ്ണ വില 11 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഡോളര്‍ ദുര്‍ബലമാകുന്നത്, സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം സ്വന്തമാക്കുന്നവരെ കൂടുതല്‍ ആകര്‍ഷിക്കും.
തിങ്കളാഴ്ച ചുമതലയേറ്റ ഡോണള്‍ഡ് ട്രംപ് ചൈന, കാനഡ, മെക്‌സികോ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കുമേല്‍ കനത്ത ഇറക്കുമതി തീരുവ ചുമത്തുമെന്ന് പ്രഖ്യാപിച്ചത് ആഗോള സമ്പദ്‌രംഗത്ത് ആശങ്ക വിതച്ചിട്ടുണ്ട്.