
ന്യൂയോർക്ക് ∙ അദാനി ഗ്രൂപ്പിനെതിരെ ബൈഡൻ സർക്കാരിന്റെ കാലത്ത് നൽകിയ കുറ്റപത്രം പുനപ്പരിശോധിക്കണമെന്ന് ആറു യുഎസ് കോൺഗ്രസ് അംഗങ്ങൾ ട്രംപ് സർക്കാരിലെ അറ്റോർണി ജനറൽ പാം ബോണ്ടിക്ക് കത്തു നൽകി. ലാൻസ് ഗുഡൻ, പാറ്റ് ഫാലൺ, മൈക്ക് ഹരിഡോപോളോസ്, ബ്രാൻഡൻ ഗിൽ, വില്യം ആർ ടിമ്മൺസ്, ബ്രയാൻ ബാബിൻ എന്നിവരാണ് കത്തയച്ചത്. ബൈഡൻ ഭരണകൂടത്തിന്റെ വിവേകശൂന്യമായ തീരുമാനങ്ങളിൽ ഒന്ന് എന്നാണ് കുറ്റപത്രത്തെ കത്തിൽ വിശേഷിപ്പിക്കുന്നത്. 2024ൽ നൽകിയ കുറ്റപത്രത്തിനെതിരെ അദാനി ഗ്രൂപ്പും പ്രതികരിച്ചിരുന്നു.
അദാനി ഗ്രീൻ എനർജിക്കും മറ്റൊരു സ്ഥാപനത്തിനും 12 ഗിഗാവാട്ടിന്റെ സൗരോർജ പദ്ധതിക്ക് കരാർ ലഭിക്കാൻ അദാനി ഗ്രൂപ്പ് ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് 250 ദശലക്ഷം ഡോളർ (ഏകദേശം 2,100 കോടി രൂപ) കൈക്കൂലി കൊടുത്തുവെന്നാണ് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ (SEC) നൽകിയ കുറ്റപത്രപ്രകാരമെടുത്ത കേസിൽ ആരോപിക്കുന്നത്.
ഇന്ത്യയെപ്പോലെയുള്ള ഒരു നയതന്ത്ര, രാഷ്ട്രീയ പങ്കാളിയുമായുള്ള യുഎസിന്റെ ബന്ധം കണക്കിലെടുത്താൽ, കുറ്റപത്രം നൽകിയ നടപടി തെറ്റായിരുന്നെന്നു കത്തിൽ പറയുന്നു.ഇന്ത്യയിൽ പ്രവർത്തിക്കുന്ന കമ്പനി ഇന്ത്യയിലെ ഉദ്യോഗസ്ഥർക്കു കൈക്കൂലി നൽകാൻ ശ്രമിച്ചെന്നാണ് കേസ്. അത് ഇന്ത്യൻ അധികാരികൾക്കു കൈമാറുന്നതിനു പകരം കമ്പനിയുടെ എക്സിക്യൂട്ടീവുകളെ കുറ്റക്കാരാക്കാനാണ് ബൈഡൻ ഭരണകൂടം ശ്രമിച്ചതെന്ന് കത്തിൽ കുറ്റപ്പെടുത്തുന്നു. ഇന്ത്യ പോലുള്ള ഒരു സഖ്യകക്ഷിയുമായുള്ള ബന്ധം സങ്കീർണമാക്കുന്ന തരത്തിൽ കേസ് തുടരുന്നതിന് വ്യക്തമായ കാരണമില്ല. യുഎസിന്റെ സാമ്പത്തിക അഭിവൃദ്ധി പുനരുജ്ജീവിപ്പിക്കാനുള്ള ഡോണൾഡ് ട്രംപിന്റെ ശ്രമത്തിൽ, ഇന്ത്യയിൽ നിന്നുള്ള ഒരു പ്രമുഖ കമ്പനിയുമായുള്ള സാമ്പത്തിക ബന്ധം പ്രധാന ഘടകമാണ്. അദാനിക്കെതിരായ കുറ്റപത്രവുമായി മുന്നോട്ടുപോകാനുള്ള തീരുമാനം യുഎസിന്റെ താൽപര്യങ്ങൾക്കു ദോഷമാണെന്നും കത്തിൽ പറയുന്നു.
good times for Adani, US indictment will be reviewed