
തിരുവനന്തപുരം : അന്താരാഷ്ട്ര റിക്രൂട്ട്മെന്റ് തട്ടിപ്പുകള്‍ തടയാനുള്ള നിയമനടപടികള്‍ക്കായി കേരള സര്‍ക്കാര്‍ കമ്മിറ്റി രൂപീകരിച്ചു. ലോക കേരള സഭയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായാണ് സര്‍ക്കാര്‍ നീക്കം.
ലോകമാകെ പരന്നിരിക്കുന്ന പ്രവാസി മലയാളി സമൂഹത്തെ ഒരുമിച്ച് നിര്‍ത്തിയാണ് ലോക കേരള സഭ ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ അവതരിപ്പിച്ചത്. 2018 ജനുവരി 12 മുതല്‍ 13 വരെയായിരുന്നു ആദ്യ ലോക കേരള സഭ നടന്നത്.
കേരളത്തിന് പുറത്ത് താമസിക്കുന്ന പ്രതിനിധികളെ നാമനിര്‍ദ്ദേശം ചെയ്ത സര്‍ക്കാര്‍ രൂപീകരിച്ച ഒരു കമ്മിറ്റിയാണ് അന്ന് പ്രതിനിധികളെ ക്ഷണിച്ചത്. ആദ്യ ലോക കേരള സഭയില്‍ 351 അംഗങ്ങള്‍ പങ്കെടുത്തു. അതില്‍ 100 പേര്‍ വിദേശത്ത് താമസിക്കുന്നവരും, 42 പേര്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും, വിവിധ മേഖലകളില്‍ നിന്നുള്ള 30 വിദഗ്ധരും, പ്രവാസി മലയാളികളായ തിരിച്ചെത്തിയവരെയും ജനപ്രതിനിധികളെയും പ്രതിനിധീകരിക്കുന്ന 6 അംഗങ്ങളും ഉള്‍പ്പെടുന്നു.
പ്രവാസി സമൂഹം മുന്നോട്ട് വെച്ച ആശയമെന്ന നിലയിലാണ് ലോക കേരള കേന്ദ്രം എന്ന പുതിയ ആശയം ഇക്കുറി സംസ്ഥാന ബജറ്റില്‍ ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ അവതരിപ്പിച്ചത്.