തിരുവനന്തപുരം: ജീവനക്കാരുടെ ഇന്നത്തെ പണിമുടക്ക് സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനത്തെ കാര്യമായി തന്നെ ബാധിച്ചേക്കാന്‍ സാധ്യത. പങ്കാളിത്തപെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് പഴയ പെന്‍ഷന്‍പദ്ധതി പുനഃസ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പളപരിഷ്‌കരണ നടപടികള്‍ ആരംഭിക്കുക, മെഡിസെപ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി സര്‍ക്കാര്‍ ഏറ്റെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. സെക്രട്ടറിയേറ്റിലും ആയിരത്തിലേറെ ഉദ്യോഗസ്ഥര്‍ സമരത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന.
പ്രതിപക്ഷ സംഘടനകള്‍ക്കൊപ്പം സിപിഐ അനുകൂല സംഘടനയായ ജോയിന്റ് കൗണ്‍സിലിനും വില്ലേജ് ഓഫിസുകള്‍, താലൂക്ക് ഓഫിസുകള്‍, കലക്ടറേറ്റ്, മൃഗസംരക്ഷണ ഓഫിസുകള്‍ എന്നിവിടങ്ങളില്‍ ശക്തമായ സ്വാധീനമുണ്ട്.
സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യം കിട്ടാനുണ്ടെങ്കിലും സര്‍ക്കാരിന്റെ വാക്ക് വിശ്വസിച്ച് സമരം ചെയ്യുന്നില്ലെന്നാണ് സിപിഎം അനുകൂല സര്‍വീസ് സംഘടനകളുടെ നിലപാട്.
അതിനിടെ സമരക്കാരെ ചെറുക്കാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടക്കുന്ന ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം ഫെബ്രുവരിയിലെ ശമ്പളത്തില്‍നിന്നു കുറയ്ക്കും. മാത്രമല്ല, അനധികൃത അവധികള്‍ ഡയസ്‌നോണ്‍ ആയി കണക്കാക്കും.