
തിരുവനന്തപുരം: യുജിസി കരട് കൺവെൻഷനുമായി ബന്ധപ്പെട്ട സർക്കുലറിൽ ഗവർണർ അമർഷം രേഖപ്പെടുത്തിയതിന് പിന്നാലെ തിരുത്തുമായി സംസ്ഥാന സർക്കാർ. യുജിസി കരടിന് “എതിരായ” എന്ന പരാമർശം നീക്കി, പകരം യുജിസി റെഗുലേഷൻ – ദേശീയ ഉന്നത വിദ്യാഭ്യാസ കൺവെൻഷൻ എന്നാക്കി മാറ്റി. സർക്കുലർ തിരുത്തണമെന്ന് ഗവർണർ സർക്കാരിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സർക്കാരിൻ്റെ പരാമർശം നീക്കിയത്.
സർക്കാർ ചെലവിൽ പ്രതിനിധികൾ പങ്കെടുക്കണമെന്ന സർക്കുലർ ചട്ടവിരുദ്ധമാണെന്ന് രാജ്ഭവൻ അറിയിച്ചിരുന്നു. അതേസമയം കൺവെൻഷനിൽ കണ്ണൂർ സർവകലാശാല വിസി പങ്കെടുക്കില്ല എന്ന് അറിയിച്ചു. പ്രതിഷേധ പരിപാടിയായതിനാൽ പങ്കെടുക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. അധ്യാപകർക്ക് പങ്കെടുക്കാൻ സർവകലാശാല ഔദ്യോഗികമായി അനുമതി നൽകിയിട്ടില്ല. താല്പര്യമുള്ളവർക്ക് അവധിയെടുത്ത് കൺവെൻഷനിൽ പങ്കെടുക്കാം. നാളെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ചിരിക്കുന്ന ദേശീയ കൺവെൻഷൻ.
തമിഴ്‌നാട്, കർണാടക, തെലങ്കാന, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ള മന്ത്രിമാർ കൺവെൻഷനിൽ മുഖ്യാതിഥികളായെത്തും. വ്യാഴാഴ്ച രാവിലെ 10.30 ന് നിയമസഭയിലെ ശങ്കര നാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.