
ന്യൂയോർക്ക്: പ്രസിഡന്‍റ് സ്ഥാനത്തേക്ക് മടങ്ങിയത്തിയതിന് പിന്നാലെ ഡോണൾഡ് ട്രംപ് തുടങ്ങിയ അമേരിക്കയിൽ നിന്നും അനധികൃത കുടിയേറ്റക്കാരെ നാടുകടത്തൽ സംഘർഷഭരിതമായി തുടരുകയാണ്. അതിനിടയിലാണ് അമേരിക്കയിലെത്താൻ കൊതിക്കുന്നവർക്കുള്ള ആശ്വാസ വാർത്ത എത്തുന്നത്. 2026 സാമ്പത്തിക വർഷത്തേക്കുള്ള എച്ച് വൺബി (H-1B) വിസകൾക്കുള്ള പ്രാരംഭ രജിസ്ട്രേഷൻ അമേരിക്ക തുടങ്ങുകയാണ്. എച്ച് വൺബി വിസകൾക്കുള്ള നടപടികൾ മാർച്ച് 7ന് ആരംഭിക്കുമെന്ന് ഫെഡറൽ ഏജൻസി അറിയിച്ചു.
മാർച്ച് 24 വരെയാകും രജിസ്‌ട്രേഷൻ. അമേരിക്കയിലേക്ക് പ്രൊഫഷണലുകൾക്ക് നൽകുന്ന വിസയാണ് എച്ച്‌വൺ ബി. ലോകമെമ്പാടുമുള്ള പ്രൊഫഷണലുകളെ യുഎസിലേക്ക് ആകർഷിക്കുന്ന എച്ച്‌വൺബി വിസകളുടെ പ്രധാന ഗുണഭോക്താക്കൾ ഇന്ത്യക്കാരാണ്. ഇന്ത്യയിൽ നിന്നുള്ള നിരവധി പേർ എച്ച്‌വൺബി വിസയിൽ അമേരിക്കയിൽ എത്താറുണ്ട്. പ്രതിവർഷം 65,000 പേർക്കാണ് എച്ച്‌വൺബി വിസ നൽകുന്നത്. യുഎസ് സ്ഥാപനങ്ങളിൽനിന്ന് ഉന്നത വിദ്യാഭ്യാസം നേടിയ 20,000 പേർക്കും വിസ നൽകും.
പ്രത്യേക വൈദഗ്ദ്ധ്യം ആവശ്യമുള്ള പ്രത്യേക തൊഴിലുകളിൽ വിദേശ തൊഴിലാളികളെ നിയമിക്കാൻ യുഎസ് കമ്പനികളെ അനുവദിക്കുന്ന ഒരു കുടിയേറ്റേതര വിസയാണ് എച്ച് വൺബി വിസ. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഓരോ വർഷവും പതിനായിരക്കണക്കിന് ജീവനക്കാരെ നിയമിക്കാൻ കമ്പനികൾ ഈ വിസയെ ആശ്രയിക്കുന്നു. എച്ച് വൺബി വിസയ്ക്കുള്ള രജിസ്ട്രേഷൻ ഫീസ് 215 യുഎസ് ഡോളറാണ്.