പാതിവില തട്ടിപ്പ്: 12 ഇടങ്ങളിൽ ഇഡി റെയ്ഡ്, കോൺഗ്രസ് നേതാവ് ലാലി വിൻസെന്റിന്റെ കൊച്ചിയിലെ വസതിയിൽ ഉൾപ്പെടെ റെയ്ഡ്

കൊച്ചി: പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് 12 ഇടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. കേസിലെ ഒന്നാംപ്രതി അനന്തുക‍ൃഷ്ണൻ, സത്യസായി ട്രസ്റ്റ് എക്സിക്യുട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാർ എന്നിവരുടെ സ്ഥാപനങ്ങളിലും വീടുകളിലും കോൺഗ്രസ് നേതാവ് ലാലി വിൻസെന്റിന്റെ കൊച്ചിയിലെ വസതിയിലുമാണ് പരിശോധന പുരോ​ഗമിക്കുന്നത്.

പാതിവിലയിൽ സ്ക്കൂട്ടർ ഉൾപ്പടെ നൽകാമന്ന് പറഞ്ഞ് സാധാരണക്കാരിൽനിന്ന് പിരിച്ചെടുത്ത ഈ പണം, കള്ളപ്പണമായി പലർക്കും കൈമാറിയിട്ടുണ്ടെന്ന് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണവുമായി ഇഡി മുന്നോട്ടുപോകുന്നത്.

ചൊവ്വാഴ്ച പുലർച്ചെ മുതലാണ് കൊച്ചിയിൽനിന്നുള്ള അറുപതോളം ഉദ്യോ​ഗസ്ഥർ വിവിധ സംഘങ്ങളായി തിരിഞ്ഞ് റെയ്ഡ് ആരംഭിച്ചത്. കള്ളപ്പണ, ചൂതാട്ടവിരുദ്ധ നിയമത്തിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത ഇഡി കഴിഞ്ഞ ദിവസം പരാതിക്കാരിൽനിന്ന് വിശദമായ മൊഴിയെടുക്കുകയും ചെയ്തിരുന്നു.

159 കോടി രൂപയുടെ ഇടപാട് മൊത്തത്തിൽ നടന്നുവെന്നാണ് ഇഡിയുടെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

സ്‌കൂട്ടര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണന്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന് 46 ലക്ഷം രൂപ കൈമാറിയെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. സംസ്ഥാന വ്യാപകമായി നടന്ന വന്‍തട്ടിപ്പില്‍ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇത്രയുംവലിയ തുകയാണ് കോണ്‍ഗ്രസ് നേതാവിന് നല്‍കിയതെന്ന് വ്യക്തമായത്.

അതേസമയം, തട്ടിപ്പില്‍ തനിക്ക് പങ്കില്ലെന്നും അനന്തുകൃഷ്ണന്‍ തനിക്ക് നല്‍കിയത് അഭിഭാഷക ഫീസാണെന്നും ലാലി വിന്‍സെന്റ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍, ഇത്രയും വലിയ തുക വക്കീല്‍ ഫീസായി വാങ്ങാന്‍ മാത്രം പ്രമുഖ അഭിഭാഷകയാണോ ലാലി വിന്‍സെന്റ് എന്നത് അന്വേഷണസംഘത്തിന്റെ മുന്നിലുള്ള ചോദ്യമാണ്. ലാലി വിന്‍സെന്റിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതിയും ഇത്രയും വലിയതുക ഫീസായി വാങ്ങിയതില്‍ സംശയം ഉന്നയിച്ചിരുന്നു. സ്‌കൂട്ടര്‍ തട്ടിപ്പില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ ഏഴാം പ്രതിയാണ് കോണ്‍ഗ്രസ് നേതാവും അഭിഭാഷകയുമായ ലാലി വിന്‍സെന്റ്.

ഇടുക്കിയിലെ വിവിധ രാഷ്ട്രീയനേതാക്കള്‍ക്ക് ഒന്നരക്കോടിയോളം രൂപ ഇയാള്‍ നല്‍കിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇടുക്കിയിലെ ഒരു യുവനേതാവിന് മാത്രം 40 ലക്ഷം രൂപ കൈമാറിയെന്നാണ് അനന്തുവിന്റെ മൊഴി. എല്‍.ഡി.എഫിന്റെ ജില്ലാനേതാവിന് 25 ലക്ഷം രൂപയും നല്‍കി. നേതാക്കള്‍ക്ക് നേരിട്ടല്ല അനന്തുകൃഷ്ണന്‍ പണം കൈമാറിയിരുന്നത്. നേതാക്കളുടെ അടുപ്പക്കാര്‍ വഴിയും ബെനാമികള്‍ വഴിയുമായിരുന്നു ഇടപാട്. തിരഞ്ഞെടുപ്പ് സമയത്താണ് ഇത്രയും തുക കൈമാറിയതെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്.

Half price money scam ED conducts raid at Kochi

More Stories from this section

family-dental
witywide