ഗാസ സിറ്റി: അമേരിക്ക ഗാസയെ ഏറ്റെടുത്ത് പുനര്‍നിര്‍മ്മിക്കുമെന്നും പലസ്തീനികള്‍ ഗാസ വിട്ടുപോകണമെന്നും നിര്‍ദേശിച്ച പ്രസിഡന്റ് ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് ഹമാസ്. ട്രംപിന്റെ പരാമര്‍ശങ്ങള്‍ മിഡില്‍ ഈസ്റ്റില്‍ ‘അരാജകത്വം സൃഷ്ടിക്കുന്നതിനുള്ള പാചകക്കുറിപ്പ്’ ആണെന്ന് ഒരു മുതിര്‍ന്ന ഹമാസ് ഉദ്യോഗസ്ഥന്‍ വിമര്‍ശിച്ചു.
മേഖലയില്‍ കുഴപ്പവും പിരിമുറുക്കവും സൃഷ്ടിക്കുന്നതാണ് ട്രംപിന്റെ വാക്കുകളെന്നും ഗാസ മുനമ്പിലെ നമ്മുടെ ആളുകള്‍ ഈ പദ്ധതികള്‍ നടപ്പാക്കാന്‍ അനുവദിക്കില്ല, അവരുടെ നാട്ടില്‍ നിന്ന് അവരെ പുറത്താക്കുകയില്ലെന്നും സാമി അബു സുഹ്രി എന്ന ഹമാസ് നേതാവ് ഒരു പ്രസ്താവനയില്‍ പറഞ്ഞു. ജനങ്ങളെ ഗാസയില്‍ നിന്നും പുറത്താക്കുകയല്ല, പകരം നമ്മുടെ ജനങ്ങള്‍ക്കെതിരായ അധിനിവേശവും ആക്രമണവും അവസാനിപ്പിക്കുക എന്നതാണ് വേണ്ടതെന്നും ഹമാസ് പറയുന്നു. ഗാസക്കാര്‍ അവരുടെ നാട്ടില്‍ വേരൂന്നിയവരാണ്, അവരെ അവരുടെ മാതൃരാജ്യത്ത് നിന്ന് പിഴുതെറിയാന്‍ ലക്ഷ്യമിട്ടുള്ള ഒരു പദ്ധതിയും സ്വീകരിക്കില്ല- എന്നും ഹമാസ തറപ്പിച്ച് പറയുന്നു.
‘ഗാസക്കാര്‍ മറ്റെവിടെയെങ്കിലും അഭയം തേടണം, യുഎസ് ഗാസ മുനമ്പ് ഏറ്റെടുക്കും, ഞങ്ങളും അത് ഉപയോഗിക്കും. ഞങ്ങള്‍ അത് സ്വന്തമാക്കും, മാത്രമല്ല, പൊട്ടിത്തെറിക്കാതെ അവശേഷിക്കുന്ന ബോംബുകള്‍ അമേരിക്ക നിര്‍വ്വീര്യമാക്കുമെന്നും, തകര്‍ന്ന കെട്ടിടങ്ങാവശിഷ്ടങ്ങള്‍ നീക്കം ചെയ്യുമെന്നും ട്രംപ് പറഞ്ഞതാണ് വിമര്‍ശനങ്ങള്‍ക്കിടയാക്കിയത്. ഹമാസുമായുള്ള യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച നിര്‍ണായക ചര്‍ച്ചകള്‍ക്കായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയായിരുന്നു ട്രംപിന്റെ ഗാസ പരാമര്‍ശം എത്തിയത്.