
ദോഹ: അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും ജോ ബൈഡൻ പടിയിറങ്ങും മുന്നേ പശ്ചിമേഷ്യയിൽ സമാധാനം പുലർന്നേക്കുമെന്ന് സൂചന. ഇസ്രയേലും ഹമാസും തമ്മിൽ വെടിനിർത്തൽ വെടിനിർത്തൽ ധാരണയായെന്ന് റിപ്പോർട്ട്. അമേരിക്കയുടെയും ഖത്തറിന്‍റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചകളിലാണ് ഗാസയിൽ സമാധാനം പുലരാനായുള്ള ധാരണയായതെന്നാണ് വിവരം. വെടിനിർത്തൽ സംബന്ധിച്ച കരട് രേഖ ഹമാസിനും ഇസ്രായേലിനും കൈമാറിയിട്ടുണ്ട്. മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി ഇരുരാജ്യങ്ങൾക്കും ഖത്തറാണ് കരട് രേഖ കൈമാറിയതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സും അറബ് ന്യൂസുമടക്കം റിപ്പോർട്ട് ചെയ്തു.
ഇസ്രയേൽ ചാര സംഘടനയായ മൊസാദിന്റെ തലവനടക്കമുള്ളവരുമായി ഖത്തറും അമേരിക്കയും നടത്തിയ ചർച്ചയിലാണ് നിർണായക പുരോഗതി. ഇന്നലെ അർധ രാത്രി അമേരിക്കൻ, ഇസ്രയിൽ, ഹമാസ്, ഖത്തർ പ്രതിനിധികൾ പങ്കെടുത്ത് നടന്ന ചർച്ചയിലാണ് വെടിനിർത്തലിനുള്ള അന്തിമ ധാരണയായതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ അന്തിമ ധാരണയാണ് ഇസ്രയേലിനും ഹമാസിനും കരട് രേഖയായി ഇപ്പോൾ ഖത്തർ കൈമാറിയിരിക്കുന്നത്.
അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ പടിയിറങ്ങുന്നതിന് മുന്നേ തന്നെ ഹമാസ് – ഇസ്രായേൽ വെടിനിർത്തൽ യാഥാർത്ഥ്യമാക്കാണമെന്ന നിർദ്ദേശം നേരത്തെ ഉണ്ടായിരുന്നു. അതിന്‍റെ ഭാഗമായുള്ള ചർച്ചയാണ് ഇപ്പോൾ കരട് രേഖയിലേക്ക് എത്തിനിൽക്കുന്നത്. വെടിനിർത്തൽ കരാർ എത്രയും വേഗത്തിൽ പ്രാബല്യത്തിലായാൽ ഘട്ടം ഘട്ടമായാകും സൈന്യത്തെ പിൻവലിക്കൽ നടപ്പാക്കുക. ഇതിനൊപ്പം തന്നെ ബന്ധികളുടെ കൈമാറ്റവും നടക്കും. ഇക്കാര്യത്തിൽ അമേരിക്ക, ഇസ്രയേൽ, ഖത്തർ, ഹമാസ് രാജ്യങ്ങളുടെ സ്ഥിരീകരണം വരാനുണ്ട്.