ദോഹ: ഇസ്രയേലും ഹമാസും വെടിനിർത്തൽ കരാർ അംഗീകരിച്ചതോടെ ഗാസ തെരുവുകളിൽ വലിയ ആഘോഷം. നൃത്തമാടിയും കെട്ടിപിടിച്ച് ഉമ്മവെച്ചുമാണ് ഗാസയിലെ മനുഷ്യർ വെടിനിർത്തൽ വാർത്തയെ സ്വീകരിച്ചത്. ഗാസ തെരുവുകളിലെങ്ങും ആഹ്ളാദമാണ് അലയടിച്ചുയരുന്നത്. ഒപ്പം ഏത് നിമിഷവും കൊല്ലപ്പെട്ടേക്കാമെന്ന ആശങ്കയിൽ നിന്നുള്ള മോചനവും തെരുവുകളിൽ കാണാം. സമാധാനം ആഗ്രഹിക്കുന്ന ലോകത്തെ എല്ലാ മനുഷ്യർക്കും ആശ്വാസം പകരുന്ന അത്രമേൽ വലിയ വാർത്തയായാണ് ഇസ്രയേലും ഹമാസും വെടിനിർത്തൽ അംഗീകരിച്ചു എന്നുള്ളത്. അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നതിന് മുന്നേ ഗാസയിൽ വെടിനിർത്തൽ സാധ്യമാക്കാൻ മുൻകൈയെടുത്തതിൽ ജോ ബൈഡനും നിറഞ്ഞ മനസോടെയാണ് ഏവരും കയ്യടി നൽകുന്നത്. ഇസ്രയേലും ഹമാസും തമ്മിൽ വെടിനിർത്തൽ യാഥാർത്ഥ്യമാക്കാനായി നിരന്തരം പരിശ്രമിച്ച ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിക്കും ലോകം കയ്യടി നൽകുകയാണ്.
അതേസമയം യുദ്ധം ആരംഭിച്ച് 15 –ാം മാസമാണ് വെടിനിർത്തൽ കരാർ നിലവിൽ വരുന്നത്. പ്രാഥമിക ഘട്ടത്തിൽ ആറാഴ്ചത്തേക്കാകും വെടിനിർത്തൽ ഉണ്ടാവുകയെന്നാണ് റിപ്പോർട്ട്. ബന്ദികളെ കൈമാറുന്നതിലടക്കം കരാറിൽ കൃത്യമായ ധാരണകളുണ്ടെന്നാണ് വിവരം. 94 ഇസ്രയേലി തടവുകാരാണ് ഹമാസിന്റെ പക്കലുളളത്. 1000 പലസ്തീനി തടവുകാരെയായിരിക്കും ഇസ്രയേൽ കൈമാറുക. ഖത്തറിനും അമേരിക്കക്കുമൊപ്പം ഈജിപ്തും ചർച്ചകളിൽ വലിയ ഇടപെടൽ നടത്തിയിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്.
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവച്ച ചട്ടക്കൂടിനുള്ളിൽ യു എൻ രക്ഷാസമിതി അംഗീകരിച്ച വെടിനിർത്തൽ കരാർ 3 ഘട്ടമായാകും നടപ്പിലാക്കുകയെന്നാണ് വിവരം. ഖത്തറാണ് വെടിനിർത്തൽ കരാറിന്‍റെ അന്തിമരേഖ കഴിഞ്ഞ ദിവസം ഇസ്രയേലിനും ഹമാസിനും കൈമാറിയത്. 2023 ഒക്ടോബർ 7 ന് ആരംഭിച്ച യുദ്ധത്തിൽ ഗാസയിൽ ഇതുവരെ 46,584 പലസ്തീൻകാർ കൊല്ലപ്പെട്ടതായാണ് കണക്ക്. കഴിഞ്ഞ ഒരാഴ്ചയായി ഖത്തർ തലസ്ഥാനമായ ദോഹയിൽ തിരക്കിട്ട ചർച്ചകൾ നടക്കുകയായിരുന്നു. മൊസാദ് തലവൻ, യുഎസ് പ്രതിനിധികൾ, ഹമാസ് നേതാക്കൾ തുടങ്ങിയവർ ചർച്ചയുടെ ഭാഗമായിരുന്നു.