ഹാര്‍വാര്‍ഡ് സര്‍വകലാശാലയെ ചട്ടം പഠിപ്പിക്കാൻ ഉറച്ച് ട്രംപ്: വിദേശ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നത് തടയുമെന്ന് മുന്നറിയിപ്പ്

വാഷിങ്ടണ്‍: ഹാര്‍വാര്‍ഡ് സര്‍വകലാശാലയ്ക്ക് കൂടുതല്‍ നിയന്ത്രണങ്ങളുമായി ട്രംപ്. ഹാര്‍വാര്‍ഡ് സര്‍വകലാശാല വിദേശ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നത് തടയാനുള്ള നീക്കമാണ് നടത്തുന്നത്. ട്രംപ് ഉത്തരവിട്ട പുതിയ നയമാറ്റങ്ങള്‍ അംഗീകരിക്കാന്‍ വിസമ്മതിച്ചതിനു പിന്നാലെ കടുത്ത നിയന്ത്രണങ്ങളാണ് ഹാര്‍വാര്‍ഡ് സര്‍വകലാശാലയ്‌ക്കെതിരെ കൊണ്ടുവന്നത്.

നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഹാര്‍വാര്‍ഡിന്റെ നികുതിയിളവ് പദവി പിന്‍വലിക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. പിന്നാലെ 2.3 ബില്യണ്‍ ഡോളറിന്റെ ഫെഡറല്‍ ഫണ്ടിങ് മരവിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അടുത്ത ഭീഷണി.

സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ നിയമ ലംഘനങ്ങളുടെയും വിദ്യാര്‍ഥികളുള്‍പ്പെട്ട അക്രമസംഭവങ്ങളുടെയും വിവരങ്ങള്‍ ഏപ്രില്‍ 30-നകം നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഇതിന് തയാറല്ലെങ്കില്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാലയില്‍ പ്രവേശനം നല്‍കാന്‍ അനുവാദമുണ്ടാകില്ലെന്ന് ഹോം ലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം അയച്ച കത്ത് വ്യക്തമാക്കുന്നു.

പലസ്തിന്‍ അനുകൂല പ്രക്ഷോഭങ്ങളുടെ പേരില്‍ സര്‍വകലാശാലകള്‍ക്കെതിരെ ട്രംപ് ഭരണകൂടം നടപടികള്‍ സ്വീകരിച്ചിരുന്നു. സര്‍ക്കാര്‍ മുന്നോട്ടുവച്ച ചില ആവശ്യങ്ങള്‍ ജൂതവിരുദ്ധതയെ ചെറുക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെങ്കിലും ഹാര്‍വാര്‍ഡിലെ ബൗദ്ധിക സാഹചര്യങ്ങളുടെ നേരിട്ടുള്ള സര്‍ക്കാര്‍ നിയന്ത്രണമാണ് ലക്ഷ്യമിടുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍വകലാശാല നിര്‍ദേശങ്ങള്‍ നിരസിച്ചത്. സര്‍വകലാശാല അതിന്റെ സ്വാതന്ത്ര്യമോ ഭരണഘടനാപരമായ അവകാശങ്ങളോ ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്ന് ഹാര്‍വാര്‍ഡ് പ്രസിഡന്റ് അലന്‍ ഗാര്‍ബര്‍ വ്യക്തമാക്കിയിരുന്നു.

More Stories from this section

family-dental
witywide