
കൊച്ചി: ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശം ബി ജെ പി നേതാവ് പി സി ജോർജിന് കുരുക്കാകുന്നു. വിദ്വേഷ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ ജോർജ് നൽകിയി മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വിദ്വേഷപരാമർശങ്ങൾ ആവർത്തിക്കുന്ന ജോർജിന് ജാമ്യം നൽകാനാകില്ലെന്ന് പറഞ്ഞുകൊണ്ടാണ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ ജോർജിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയും വർധിച്ചിട്ടുണ്ട്.
നേരത്തെ കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ജനുവരി ആറിന് നടന്ന ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശവുമായി ബന്ധപ്പെട്ട് പി സി ജോർജിനെതിരെ ഈരാറ്റുപേട്ട പൊലീസ് കേസെടുക്കുകയായിരുന്നു. യൂത്ത് ലീഗിന്റെ പരാതിയിലാണ് മതസ്‌പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകൾ ചേർത്ത് കേസെടുത്തത്. രാജ്യത്തെ മുസ്ലിങ്ങൾ മുഴുവൻ വർഗീയവാദികളാണെന്നും പാകിസ്ഥാനിലേക്ക് പോകണമെന്നുമാണ് ജോർജ് ചർച്ചയിൽ പറഞ്ഞത്. ഈരാറ്റുപേട്ടയിൽ മുസ്ലിം വർഗീയത ഉണ്ടാക്കിയാണ് തന്നെ തോൽപ്പിച്ചതെന്നും ആരോപിച്ചിരുന്നു.
നേരത്തെ തിരുവനന്തപുരം ഫോർട്ട് സ്‌റ്റേഷനിലും പാലാരിവട്ടം സ്‌റ്റേഷനിലുമുള്ള സമാന കേസുകളിൽ ഹൈക്കോടതിയിൽ നിന്ന് ജോർജ് ജാമ്യമെടുത്തിരുന്നു. ഇത്തരം പ്രസ്‌താവനകൾ ആവർത്തിക്കരുതെന്ന് ജാമ്യംനേടിയപ്പോൾ ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു. ഇതിനുശേഷമാണ് വീണ്ടും വിദ്വേഷ പരാമർശം. ഇതാണ് പുതിയ കേസിൽ ജോർജിന് കുരുക്ക് മുറുകാൻ കാരണമായത്.