
വാഷിംഗ്‌ടൺ: റഷ്യയ്‌ക്കെതിരായ ആക്രമണാത്മക സൈബർ പ്രവർത്തനങ്ങളടക്കം മറ്റു പ്രവർത്തനങ്ങളും നിർത്താൻ യുഎസ് സൈബർ കമാൻഡിന് നിർദേശം. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ആണ് ഈ നിർദേശം നൽകിയിട്ടുള്ളത്. ഫെബ്രുവരി അവസാനത്തോടെ ഹെഗ്‌സെത്ത് കമാൻഡ് മേധാവി എയർഫോഴ്‌സ് ജനറൽ ടിം ഹോഗിന് ഇതുസംബന്ധിച്ച ഉത്തരവ് കൈമാറിയതായാണ് റിപ്പോർട്ടുകൾ. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായുള്ള ബന്ധം വളർത്തുന്നതിന്റെ ഭാഗമായാണ് യുഎസിന്റെ ഈ പുതിയ നീക്കമെന്നാണ് വിലയിരുത്തൽ.
റഷ്യക്കെതിരായ പ്രവർത്തനങ്ങൾ എത്രകാലത്തേക്കാണ് നിർത്തിവെച്ചരിക്കുന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല. നിർദേശം പുറപ്പെടുവിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചും കൂടുതൽ വിവരങ്ങൾ ഒന്നുമില്ല. സുരക്ഷാ കാരണങ്ങളാൽ പെന്റഗണുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥരൊന്നും വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായില്ല. ദിവസങ്ങൾക്ക് മുൻപാണ് യുക്രൈൻ പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്കിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ വൈറ്റ് ഹൗസിൽ വെച്ച് രൂക്ഷമായ വാഗ്വാദം ഉണ്ടായത്.