
കൊച്ചി: മലയാളി സിനിമാ മേഖലയില്‍ ഏറെ കോളിളക്കമുണ്ടാക്കിയ ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പ്രമുഖ താരങ്ങളുള്‍പ്പെടെ നിരവധി പേര്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പലരും പരാതികള്‍ നല്‍കിയെങ്കിലും പലകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ചിലര്‍ മൊഴി നല്‍കാന്‍ താത്പര്യം കാണിച്ചില്ല. മൊഴി നല്‍കാന്‍ താത്പര്യമില്ലാത്തവരെ നിര്‍ബന്ധിക്കരുതെന്നാണ് ഹൈക്കോടതി വ്യക്തമാക്കുന്നത്. മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിര്‍ദേശം.
അന്വേഷണത്തിന്റെ പേരില്‍ ആരേയും ബുദ്ധിമുട്ടിക്കാനാവില്ലെന്നും എസ് ഐ ടി ബുദ്ധിമുട്ടുണ്ടാക്കിയാല്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. നോട്ടീസ് കിട്ടിയവര്‍ക്ക് മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കാമെന്നും അല്ലെങ്കില്‍ ഹാജരായി താല്‍പ്പര്യമില്ലെന്ന് അറിയിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. സിനിമാ മേഖലയില്‍ ആരോപണങ്ങള്‍ ഉയര്‍ത്തിയ പലരും മൊഴി നല്‍കാനും പരാതി നല്‍കാനും വിസമ്മതിക്കുന്നുവെന്നാണ് വിവരം.