മകളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതിയെ വെടിവെച്ചുകൊന്ന കേസിൽ കുറ്റവിമുക്തനായ ശങ്കരനാരായണൻ, കേരളത്തിന്റെ നൊമ്പരമായ കൃഷ്ണപ്രിയയുടെ അച്ഛൻ വിടവാങ്ങി

മലപ്പുറം: മലപ്പുറം മഞ്ചേരി സ്വദേശീയായ ശങ്കരനാരായണൻ അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങൾ കാരണം സ്വവസതിയിൽ തിങ്കളാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. 75 വയസായിരുന്നു. മകൾ കൃഷ്ണപ്രിയയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ വെടിവെച്ചുകൊന്ന കേസിൽ കുറ്റവിമുക്തനായതോടെ കേരളമാകെ ശ്രദ്ധിക്കപ്പെട്ട പേരാണ് ശങ്കരനാരായണന്റേത്. കൃഷ്ണപ്രിയയുടെ അച്ഛൻ ശങ്കരനാരായണൻ അങ്ങനെ കേരളത്തിലെ ഒരു ഹീറോ കൂടിയായിരുന്നു.

കേരളം കണ്ട ഏറ്റവും ക്രൂരമായ കൊലപാതകങ്ങളിലൊന്നായിരുന്നു ക്രിഷ്ണപ്രിയ കൊലക്കേസ്. മഞ്ചേരി എളങ്കൂരിൽ ഏഴാം ക്ലാസുകാരിയായ കൃഷ്ണപ്രിയ സ്‌കൂൾ വിട്ടുവരികെയാണ് അയൽവാസിയായ മുഹമ്മദ് കോയ (24) ബലാത്സം​ഗം ചെയ്ത ശേഷം ക്രൂരമായി കൊലപ്പെടുത്തിയത്. 2001 ൽ കേരളത്തെ പിടിച്ചുകുലുക്കിയ കൃഷ്ണപ്രിയ വധക്കേസിൽ പ്രതിയെ തെളിവുകൾ നിരത്തി കോടതി ശിക്ഷിച്ചു. ജാമ്യത്തിലിറങ്ങിയ പ്രതി മുഹമ്മദ് കോയ 2002 ജൂലായ് 27 ന് വെടിയേറ്റ് കൊല്ലപ്പെട്ടതോടെയാണ് ശങ്കരനാരായണൻ എന്ന പേര് കേരളമാകെ ചർച്ചയായത്. തെളിവുകൾ നിരന്നതോടെ മഞ്ചേരി സെഷൻസ് കോടതി മുതൽ ജില്ലാ കോടതിവരെ ശങ്കരനാരായണനെയും മറ്റ് രണ്ടു പ്രതികളെയും ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു. എന്നാൽ 2006 മെയ് മാസത്തിൽ ശങ്കരനാരായണനെ ഹൈക്കോടതി വെറുതേവിട്ടു. മുഹമ്മദ് കോയക്ക് കൂടുതൽ ശത്രുക്കളുണ്ടാകാമെന്ന് ചൂണ്ടികാട്ടിയാണ് ഹൈക്കോടതി ശങ്കരനാരായണനെ വെറുതേ വിട്ടത്.

More Stories from this section

family-dental
witywide