ദില്ലി: കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റാനുള്ള നീക്കം പൊളിഞ്ഞു. തന്നെ മാറ്റാനുള്ള നീക്കത്തിൽ കടുത്ത അതിൃപ്തി വ്യക്തമാക്കിക്കൊണ്ട് കെ സുധാകരൻ ഇടഞ്ഞതോടയാണ് നീക്കം പാളിയത്. നേതൃമാറ്റം ഉടനില്ലെന്ന് സുധാകരന് ഹൈക്കമാൻഡ് ഉറപ്പ് നൽകി. താനറിയാതെ നടക്കുന്ന ചർച്ചകളിൽ സുധാകരൻ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് എ ഐ സി സി മറുപടി. ഇതിന് പിന്നാലെ അധ്യക്ഷനെ മാറ്റുന്നതിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തി.
അധ്യക്ഷനെ ഉടൻ മാറ്റുമെന്ന രീതിയിലായിരുന്നു കോൺഗ്രസിലെ ചർച്ചകളും നീക്കവും മുന്നോട്ടുപോയത്. എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി നേതാക്കളെ ഒറ്റയ്ക്കൊറ്റയ്ക്ക് കണ്ടതോടെ സുധാകരന്‍റെ മാറ്റം പലരും ഉറപ്പിച്ചു. പകരം ആര് വരണമെന്ന ചുരുക്കപ്പട്ടികയിലേക്ക് വരെ കാര്യങ്ങൾ എത്തിയതോടെയാണ് കെ സുധാകരൻ തന്നെ അതൃപ്തി വ്യക്തമാക്കി രംഗത്തെത്തിയത്. തന്നെ ഇരുട്ടിൽ നിർത്തി നടന്ന നീക്കങ്ങളിൽ സുധാകരൻ കടുത്ത രോഷം പ്രകടിപ്പിച്ചതോടെ നീക്കം അക്ഷരാർത്ഥത്തിൽ പാളി.
സുധാകരൻ പരസ്യമായി പ്രതികരിക്കുക കൂടി ചെയ്താൽ മാറ്റം വിനയാകുമെന്ന് കണ്ടതോടെ എ ഐ സി സി തന്നെ നീക്കത്തിന് തടയിട്ടു. സുധാകരനെ വിശ്വാസത്തിലെടുക്കാതെ മാറ്റമുണ്ടാകില്ല. ദീപദാസ് മുൻഷിയുടേത് പുനഃസംഘടനാ ചർച്ച മാത്രമെന്നും നേതൃമാറ്റം നിർദേശിച്ചാലും അത് അന്തിമമായിരിക്കില്ലെന്നും ഹൈക്കമാൻഡ് മറുപടി നൽകി. പുതിയ കെപിസിസി അധ്യക്ഷനായി നീക്കങ്ങളില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത്, മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലയും കെ മുരളീധരനും അടിവരയിട്ടതോടെ കോൺഗ്രസിൽ തത്കാലം എല്ലാം ശാന്തമാകുകയാണ്.