
ഡൽഹി: കേരളത്തിലെ കോണ്‍ഗ്രസ് പാർട്ടിയെ കെ സുധാകരന്‍ തന്നെ നയിക്കുമെന്ന് ഹൈക്കമാൻ. സുധാകരനെ മാറ്റുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിട നല്‍കി ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡ് വിളിച്ചുചേര്‍ത്ത സംസ്ഥാനത്തെ നേതാക്കളുടെ യോഗത്തില്‍ ഐക്യത്തോടെ മുന്നോട്ടുപോകാന്‍ തീരുമാനമായി. യോഗത്തില്‍ നേതൃമാറ്റം ചര്‍ച്ചയായില്ലെന്നാണ് നേതാക്കൾ വ്യക്തമാക്കിയത്. ഒറ്റക്കെട്ടെന്ന സന്ദേശം ജനങ്ങൾക്ക് നൽകണമെന്നും കൂടുതൽ ഐക്യത്തോടെ മുന്നോട്ട് പോകണമെന്നും മാറ്റം ആഗ്രഹിക്കുന്ന ജനങ്ങളെ നിരാശപ്പെടുത്തരുതെന്നും രാഹുൽ ഗാന്ധി യോഗത്തിൽ പറഞ്ഞു. അനാവശ്യ വിവാദങ്ങൾ പാർട്ടിയെ ബാധിക്കുന്നു എന്നാണ് തനിക്ക് കിട്ടിയ റിപ്പോർട്ടെന്നും രാഹുൽ വ്യക്തമാക്കി. കേരളത്തിൽ ജനപക്ഷത്തു നിന്ന് പാർട്ടി വിഷയങ്ങൾ ഏറ്റെടുക്കണം എന്ന് പറഞ്ഞ രാഹുൽ ഗാന്ധി, കേരളത്തിലെ പാർട്ടിയുടെ വിജയം ഇന്ത്യയാകെയുള്ള പ്രവർത്തകർ ഉറ്റു നോക്കുന്നു എന്നും കൂട്ടിച്ചേർത്തു.
വിശദ വിവരങ്ങൾ ഇങ്ങനെ
എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ തുടങ്ങിയ ഹൈക്കമാൻഡ് നേതാക്കളുടെ നേതൃത്വത്തിൽ ഇന്ദിരാഭവനിൽ രണ്ട് മണിക്കൂർ നീണ്ട യോഗം ഐക്യത്തോടെ മുന്നേറാനുള്ള സന്ദേശമാണ് നൽകിയത്. കെ സുധാകരൻ തന്നെ കെപിസിസി പ്രസിഡൻ്റായി തുടരും. കെപിസിസി പുനസംഘടന ഉടൻ ഉണ്ടാകില്ല. സംസ്ഥാനത്ത് സമ്പൂർണ ഐക്യം വേണമെന്ന് ഹൈക്കമാൻഡ് നേതാക്കൾക്ക് നിർദേശം നൽകി. മാധ്യമങ്ങളിൽ വ്യത്യസ്ത അഭിപ്രായം പറയുന്ന നേതാക്കൾക്കെതിരെ നടപടിയുണ്ടാകുമെന്നും ഹൈക്കമാൻഡ് മുന്നറിയിപ്പ് നൽകി. വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളെ കോൺഗ്രസ് എങ്ങനെ നേരിടുമെന്നത് സംബന്ധിച്ച് യോഗത്തിൽ ചർച്ച ചെയ്തുവെന്ന് കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. ഏതെങ്കിലും നേതാക്കൾ വ്യക്തപരമായ അഭിപ്രായം മാധ്യമങ്ങളോട് പങ്കുവെച്ചാൽ നടപടി സ്വീകരിക്കും. ഏപ്രിലിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തോടെ കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർക്ക് ഊർജം പകരുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമാകുമെന്നും ദീപ ദാസ് മുൻഷി അറിയിച്ചു. കേരളത്തിലെ കോൺഗ്രസിൽ ഐക്യമില്ലെന്ന് മാധ്യമങ്ങളിൽ തെറ്റായ വിവരം പ്രചരിപ്പിക്കുകയാണെന്നും ദീപ ദാസ് മുൻഷി ആരോപിച്ചു.
കേരളത്തിലെ കോൺഗ്രസിലുള്ള ശക്തമായ ഐക്യം യോഗത്തിൽ നിഴലിച്ചുവെന്ന് കെസി വേണുഗാപാൽ പറഞ്ഞു. വരുന്ന തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിനെ വിജയിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം നിർവഹിക്കുന്നതിന് പ്രവർത്തിക്കുമെന്ന് നേതാക്കൾ തീരുമാനമെടുത്തു. കോൺഗ്രസിനകത്ത് സമ്പൂർണ ഐക്യം ഉണ്ടാകാനുള്ള ആഹ്വാനുള്ള ആഹ്വാനമാണ് ഹൈക്കമാൻഡ് നൽകിയത്. നേതാക്കൾ ഇത് ശിരസ്സാ വഹിച്ചു. കേരളത്തിലെ ജനവിരുദ്ധ സർക്കാരിനെ താഴെയിറക്കണമെന്ന ഏക ലക്ഷ്യം മാത്രമാണ് വരുന്ന ഒരു വർഷക്കാലത്ത് കോൺഗ്രസുകാരനും ഉണ്ടാകുക. മാധ്യമങ്ങൾക്ക് മുന്നിൽ വ്യത്യസ്ത അഭിപ്രായവും ചിന്താഗതിയും പങ്കുവെക്കാൻ ആർക്കും അവകാശമില്ല. പാർട്ടി കൂട്ടായ നേതൃത്വത്തോടെ മുന്നോട്ടുപോകുമെന്നും കെസി വേണുഗാപാൽ പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പിൽ കേരളം യുഡിഎഫ് തട്ടിയെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. വരാനിരിക്കുന്ന ശക്തമായ തെരഞ്ഞെടുപ്പ് പോരാട്ടത്തെ ആത്മവിശ്വാസത്തെ നേരിട്ട് കൊച്ചു കേരളം യുഡിഎഫിന്റെ കൈകളിലേക്ക് എത്തിക്കുമെന്നും കെ സുധാകരൻ പറഞ്ഞു.