
കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനും കരിമണല്‍ കമ്പനി സിഎംആര്‍എല്ലിനും ആശ്വാസം. എസ്.എഫ്.ഐ.ഒ കുറ്റപത്രത്തില്‍ സമന്‍സ് അയക്കുന്നത് രണ്ട് മാസത്തേക്ക് തടഞ്ഞ് ഹൈക്കോടതി ഉത്തരവിട്ടു. സി എം ആര്‍ എല്ലിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി കേസ് പുതിയ ഡിവിഷന്‍ ബെഞ്ചിലേക്ക് അയക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ വിശദമായ വാദം കേള്‍ക്കാന്‍ സമയം തേടിയതോടെയാണ് രണ്ട് മാസത്തേക്ക് നടപടികള്‍ നിര്‍ത്തി വെക്കാനുള്ള ഉത്തരവ് ഹൈക്കോടതിയില്‍ നിന്നുണ്ടായത്.
മാസപ്പടി കേസിലെ എസ് എഫ് ഐ ഒ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടി സ്വീകരിക്കാനുള്ള വിചാരണക്കോടതി തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി എം ആര്‍ എല്‍ ഹൈക്കോടതിയിലെത്തിയിരുന്നു. സി എം ആര്‍ എലിന്റെ വാദം കേള്‍ക്കാതെയാണ് തീരുമാനമെടുത്തതെന്നാണ് ഹര്‍ജിയിലെ വാദം.
കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ ഇന്ന് കോടതി പരിഗണിക്കാനിരിക്കെയാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിനെതിരെ സി എം ആര്‍ എല്‍ ഹൈക്കോടതിയില്‍ എത്തിയത്. ആദായനികുതി വകുപ്പിന്റെ ഇന്‍ട്രീം സെറ്റില്‍മെന്റ് ബോര്‍ഡിലെ രേഖകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം സി ബി ഐയ്ക്ക് വിടണം എന്നാണ് പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.