
ന്യൂഡല്‍ഹി: മഹാകുംഭമേളയിലെ പുണ്യസ്‌നാനം നടക്കുന്ന ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലെ വിവിധ ഭാഗങ്ങളില്‍ ജലത്തില്‍ ഉയര്‍ന്ന അളവില്‍ മനുഷ്യ വിസര്‍ജ്ജന ബാക്ടീരിയകളുണ്ടെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (സിപിസിബി) റിപ്പോര്‍ട്ട്. മലമൂത്ര വിസര്‍ജ്ജനത്തിലൂടെ പുറംതള്ളുന്ന കോളിഫോം ബാക്ടീരിയയുടെ അളവ് സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് ദേശീയ ഹരിത ട്രൈബ്യൂണലിന് കൈമാറിയിട്ടുണ്ട്.
റിപ്പോര്‍ട്ട് പരിശോധിച്ച് മറുപടി നല്‍കാന്‍ ഉത്തര്‍പ്രദേശ് സംസ്ഥാനത്തിന്റെ അഭിഭാഷകന് ഒരു ദിവസം സമയം അനുവദിച്ചു. ഫെബ്രുവരി 19 ന് നടക്കാനിരിക്കുന്ന അടുത്ത ഹിയറിംഗില്‍, യുപിപിസിബി അംഗ സെക്രട്ടറിയും പ്രയാഗ്രാജിലെ ഗംഗാ നദിയിലെ ജലത്തിന്റെ ഗുണനിലവാരം നിലനിര്‍ത്തുന്നതിന് ഉത്തരവാദികളായ ബന്ധപ്പെട്ട സംസ്ഥാന അതോറിറ്റിയും വെര്‍ച്വലായി ഹാജരാകാന്‍ ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചു.
എന്‍ജിടി ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, ജുഡീഷ്യല്‍ അംഗം ജസ്റ്റിസ് സുധീര്‍ അഗര്‍വാള്‍, വിദഗ്ദ്ധ അംഗം എ സെന്തില്‍ വേല്‍ എന്നിവരടങ്ങിയ ബെഞ്ച് പ്രയാഗ്രാജിലെ ഗംഗ, യമുന നദികളിലേക്ക് മലിനജലം പുറന്തള്ളുന്നത് തടയുന്നതിനുള്ള വിഷയം കേള്‍ക്കുകയായിരുന്നു. ഫെബ്രുവരി 3 ന് സിപിസിബി ചില നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി ബെഞ്ച് ചൂണ്ടിക്കാട്ടി.
‘വിവിധ സന്ദര്‍ഭങ്ങളില്‍ നിരീക്ഷിച്ച എല്ലാ സ്ഥലങ്ങളിലും ഫേക്കല്‍ കോളിഫോം സാന്നിധ്യമുണ്ടെന്നും. കുളിക്കാന്‍ വേണ്ട ഗുണനിലവാരം ഈ ജലത്തില്‍ ഇല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. പുണ്യസ്‌നാന ദിനങ്ങള്‍ ഉള്‍പ്പെടെ, മഹാകുംഭമേളയ്ക്കിടെ പ്രയാഗ്രാജിലെ നദിയില്‍ ധാരാളം ആളുകള്‍ കുളിക്കുന്നുണ്ടെന്നും ഇത് ബാക്ടീരിയ വര്‍ദ്ധിക്കുന്നതിലേക്ക് നയിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സമഗ്രമായ നടപടി സ്വീകരിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന ട്രൈബ്യൂണലിന്റെ മുന്‍ നിര്‍ദ്ദേശം ഉത്തര്‍പ്രദേശ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പാലിച്ചിട്ടില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.