ന്യൂയോര്‍ക്ക്: ശതകോടീശ്വരനായ വ്യവസായി ഗൗതം അദാനിയെ അടക്കം മുള്‍മുനയില്‍ നിര്‍ത്തിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ട, ഷോര്‍ട്ട് സെല്ലിംഗ് റിപ്പോര്‍ട്ടുകള്‍ക്ക് പേരുകേട്ട ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന സ്ഥാപനം അടച്ചുപൂട്ടുന്നു. ന്യൂയോര്‍ക്ക് അസ്ഥാനമായ കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് സ്ഥാപകനായ നേറ്റ് ആന്‍ഡേഴ്സണ്‍ ബുധനാഴ്ച അറിയിച്ചു. 2017 ലാണ് കമ്പനി ആരംഭിച്ചത്.
നിലവിലെ പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് അടച്ചുപൂട്ടല്‍ ആസൂത്രണം ചെയ്തതെന്ന് ആന്‍ഡേഴ്സണ്‍ പറഞ്ഞു. കമ്പനിയുടെ റിപ്പോര്‍ട്ടുകള്‍ ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ കമ്പനികള്‍ക്കും ഗണ്യമായ സാമ്പത്തിക നഷ്ടമുണ്ടാക്കിയിരുന്നു.
”കഴിഞ്ഞ വര്‍ഷം അവസാനം മുതല്‍ ഞാന്‍ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഞങ്ങളുടെ ടീമുമായും പങ്കുവെച്ചതുപോലെ, ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പിരിച്ചുവിടാന്‍ ഞാന്‍ തീരുമാനിച്ചു. ഞങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ആശയങ്ങളും പ്രോജക്ടുകളും പൂര്‍ത്തിയാക്കിയതിനാല്‍ കമ്പനി അടച്ചുപൂട്ടുകയാണ്” അദ്ദേഹം വിശദീകരിച്ചു.
2023 മുതല്‍ പ്രസിദ്ധീകരിച്ച അദാനിയെക്കുറിച്ചുള്ള ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടുകള്‍ വന്‍ വിവാദത്തിന് കാരണമായിരുന്നു. അദാനിയും അദ്ദേഹത്തിന്റെ കമ്പനികളും എല്ലാ ആരോപണങ്ങളും നിഷേധിച്ചു. അദാനിയുടെ അന്വേഷണങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ സംരക്ഷിക്കണമെന്ന് നീതിന്യായ വകുപ്പിനോട് ഒരു റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസുകാരന്‍ അഭ്യര്‍ത്ഥിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് അടച്ചുപൂട്ടല്‍ വന്നിരിക്കുന്നത്.
അദാനി മാത്രമല്ല നിരവധി പ്രമുഖരാണ് കമ്പനിയുടെ റിപ്പോര്‍ട്ടില്‍ കുടുങ്ങിയത്.
സെബി ചെയര്‍പേഴ്‌സണെതിരെ ഗുരുതര ആരോപണങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടും ഏതാനും മാസങ്ങള്‍ക്കു മുമ്പ് പുറത്തുവന്നിരുന്നു. സെബി ചെയര്‍പേഴ്‌സണ്‍ മാധബി ബുച്ചിനും ധവല്‍ ബുച്ചിനും മൗറീഷ്യസിലും ബര്‍മുഡയിലും നിക്ഷേപമുണ്ട്. സെബി ചെയര്‍പേഴ്സന് അദാനി ഗ്രൂപ്പിന്റെ വിദേശത്തെ രഹസ്യ കമ്പനികളില്‍ നിക്ഷേപമുണ്ട് തുടങ്ങിയ വിവരങ്ങളായിരുന്നു റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു അമേരിക്കന്‍ എനര്‍ജി സൊല്യൂഷന്‍സ് കമ്പനിയായ നിക്കോളക്കെതിരെ 2020 സെപ്റ്റംബറില്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അമേരിക്കയിലെ ഏറ്റവും വലിയ വാഹനനിര്‍മ്മാതാക്കളില്‍ ഒന്നായ ജനറല്‍ മോട്ടോഴ്‌സുമായുള്ള പങ്കാളിത്തത്തിന് മുമ്പുള്ള വര്‍ഷങ്ങളില്‍ നിക്കോള നടത്തിയ ചില വഞ്ചനകള്‍ റിപ്പോര്‍ട്ട് എടുത്തുകാട്ടിയിരുന്നു.