HMPV ബാധിതര്‍ കൂടുന്നു; പരിഭ്രാന്തരാകേണ്ട, ജാഗ്രതമതിയെന്ന് കേന്ദ്രം,

ന്യൂഡല്‍ഹി: ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട മെറ്റാപ്ന്യൂമോവൈറസിന്റെ (എച്ച്എംപിവി) ഇന്ത്യയില്‍ ഏഴുപേര്‍ക്ക് സ്ഥിരീകരിച്ചതിനു പിന്നാലെ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്ന് കേന്ദ്രം അറിയിച്ചു.

എച്ച്എംപിവിയുടെ ഇന്ത്യയിലെ ആദ്യത്തെ രണ്ട് കേസുകള്‍ തിങ്കളാഴ്ച കര്‍ണാടകയിലെ ബെംഗളൂരുവില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡിസ്ചാര്‍ജ് ചെയ്ത മൂന്ന് മാസം പ്രായമുള്ള കുട്ടിയും ആശുപത്രിയില്‍ സുഖം പ്രാപിക്കുന്ന എട്ട് മാസം പ്രായമുള്ള കുട്ടിയുമായിരുന്നു ഇരകള്‍.

എച്ച്എംപിവി ബാധിച്ച് ചൈനയില്‍ നിരവധി പേര്‍ കഷ്ടപ്പെടുന്നുവെന്നും ആശുപത്രികളും ശ്മശാനങ്ങളും നിറയുന്നുവെന്നും സോഷ്യല്‍ മീഡിയയില്‍ പരന്നു. മാത്രമല്ല,
രോഗം ഇന്ത്യയില്‍ അതിവേഗം പടര്‍ന്നാല്‍ വീണ്ടുമൊരു ലോക് ഡൗണ്‍ ഉണ്ടാകുമെന്നുവരെ സോഷ്യല്‍ മീഡിയ ആശങ്കപ്പെടുന്നു. എന്നാല്‍, ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ജാഗ്രതമതിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അടക്കം ആവര്‍ത്തിക്കുന്നു.

ഇന്ത്യയില്‍ ഇതുവരെ എച്ച്എംപിവി മൂലമുള്ള മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഏത് സാഹചര്യവും കൈകാര്യം ചെയ്യാന്‍ ഇന്ത്യ സജ്ജമാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

എച്ചഎംപിവി ഒരു പുതിയ വൈറസല്ലെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഇത് ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്ക് കാരണമാകുന്ന വൈറസാണ്. 2001 ലാണ് ഇത് ആദ്യമായി തിരിച്ചറിഞ്ഞത്. വായുവിലൂടെ പടരുകയും ഇത് എല്ലാ പ്രായത്തിലുമുള്ള ആളുകളെയും ബാധിക്കും. ശൈത്യകാലത്തും വസന്തത്തിന്റെ തുടക്കത്തിലും വൈറസ് കൂടുതല്‍ പടരുന്നു.

ജലദോഷ സമയത്ത് എടുക്കുന്ന ‘സാധാരണ മുന്‍കരുതലുകള്‍’ എടുക്കാനാണ് വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നിര്‍ദേശം. മാസ്‌ക് ധരിക്കുക, കൈകള്‍ ഇടയ്ക്കിടെ കഴുകുക, ആള്‍ക്കൂട്ടം ഒഴിവാക്കുക, ഗുരുതരമായ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറുടെ ഉപദേശം തേടുക.

”ശൈത്യകാലത്ത് ശ്വാസകോശ സംബന്ധമായ അണുബാധകള്‍ കൂടുതലായിരിക്കും,” എന്നാണ് ചൈനയുടെ വിദേശകാര്യ വക്താവ് മാവോ നിംഗ് ജനുവരി 3 ന് പ്രതികരിച്ചത്.

യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അനുസരിച്ച്, എല്ലാ പ്രായത്തിലുമുള്ള ആളുകളില്‍, പ്രത്യേകിച്ച് കൊച്ചുകുട്ടികള്‍, മുതിര്‍ന്നവര്‍, ദുര്‍ബലമായ പ്രതിരോധശേഷിയുള്ള ആളുകള്‍ എന്നിവരില്‍ എച്ച്എംപിവി അപ്പര്‍, ലോവര്‍ ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകും. വ്യക്തിയില്‍ നിന്ന് വ്യക്തിയിലേക്കോ വായുവിലൂടെയോ വൈറസ് പടരും.

More Stories from this section

family-dental
witywide