പേര് വെളിപ്പെടുത്തി, പരാതിയും നൽകി ഹണിറോസ്, ബോബി ചെമ്മണ്ണൂരിന് കുരുക്ക്, കേസെടുത്തു; ‘നിയമ വ്യവസ്ഥയിൽ വിശ്വാസം’

കൊച്ചി: പണത്തിന്റെ ധാർഷ്ട്യത്തിൽ ദ്വയാർത്ഥ പ്രയോഗത്തിലൂടെ അപമാനിക്കുന്നയാൾക്കെതിരായ ആരോപണങ്ങൾക്ക് പിന്നാലെ ഹണിറോസ്, അയാളുടെ പേരും വെളിപ്പെടുത്തി പരാതിയും നൽകി ഉറച്ച് പോരാട്ടം പ്രഖ്യാപിച്ചു. പ്രതീക്ഷിച്ചതുപോലെ ആ പ്രമുഖൻ ബോബി ചെമ്മണ്ണൂർ തന്നെയാണെന്നാണ് ഹണി റോസ് വ്യക്തമാക്കിയത്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് നടി പരാതി നൽകിയത്. പിന്നീട് ഇക്കാര്യം തന്‍റെ ഇൻസ്റ്റഗ്രാമിൽ നടി വെളിപ്പെടുത്തി.

പരാതി ലഭിച്ചതോടെ സെൻട്രൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലൈംഗികച്ചുവയോടെയുള്ള അശ്ലീല ഭാഷണത്തിനെതിരെ ഭാരതീയ ന്യായസംഹിതയിലെ 75(4) വകുപ്പു പ്രകാരവും ഇലക്ട്രോണിക് മാധ്യമത്തിലൂടെ അശ്ലീല പരാമർശം നടത്തുന്നതിനെതിരെ ഐടി ആക്ടിലെ 67 വകുപ്പു പ്രകാരവുമാണു കേസ് എടുത്തതെന്ന് പൊലീസ് അറിയിച്ചു. തന്‍റെ ഫോട്ടോ മോശമായ രീതിയിൽ തംബ്നെയിൽ ആയി ഉപയോഗിച്ച 20 യുട്യൂബർമാർക്കെതിരെയും ഹണിറോസ് പരാതി നൽകിയിട്ടുണ്ട്. ഓഗസ്റ്റ് 7 ന് ബോബി ചെമ്മണ്ണൂരിന്റെ കണ്ണൂർ ആലക്കോട് ജ്വല്ലറി ഉദ്ഘാടനത്തിന് ക്ഷണിച്ചപ്പോൾ നേരിട്ട ലൈംഗികാതിക്രമങ്ങളും അതിനു ശേഷവും പല വേദികളിലും താൻ നേരിട്ട ബുദ്ധിമുട്ടുകളും പരാതിയിൽ എടുത്തുപറഞ്ഞിട്ടുണ്ടെന്നാണ് പിന്നീട് നടി ഇൻസ്റ്റഗ്രാമിലൂടെ വിവരിച്ചത്.

ബോബി ചെമ്മണ്ണൂർ, താങ്കൾ എനിക്കെതിരെ തുടർച്ചയായി നടത്തിയ അശ്ളീല അധിക്ഷേപങ്ങൾക്കെതിരെ ഞാൻ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെ തന്നെ മാനസികനിലയുള്ള താങ്കളുടെ കുട്ടാളികൾക്കെതിരെയുള്ള പരാതികൾ പുറകെ ഉണ്ടാവും. താങ്കൾ താങ്കളുടെ പണത്തിന്‍റെ ഹുങ്കിൽ വിശ്വസിക്കൂ, ഞാൻ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നു- എന്നാണ് ഹണി റോസ് ഇന്‍സ്റ്റഗ്രാമില്‍ ഇട്ട പോസ്റ്റില്‍ പറയുന്നത്.

More Stories from this section

family-dental
witywide