
കൊച്ചി : നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷപം നടത്തിയെന്ന പരാതിയില്‍ റിമാന്‍ഡിലായ വ്യവസായി ബോബി ചെമ്മണൂരിന് കുരുക്ക് മുറുകുന്നു.
പിന്തുടര്‍ന്ന് ശല്യം ചെയ്‌തെന്ന് ഹണി റോസിന്റെ പരാതിയില്‍ കൂടുതല്‍ അന്വേഷണത്തിന് പൊലീസ് നീക്കം നടത്തുന്നു. ഹണി റോസിന്റെ മൊഴി വീണ്ടും രേഖപ്പെടുത്താനും ആലോചനയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ബോബിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യവും പരിഗണിക്കും.
ഓഗസ്റ്റ് ഏഴിനു നടന്ന ഉദ്ഘാടന പരിപാടിക്കു ശേഷം താന്‍ പങ്കെടുക്കുന്ന മറ്റ് പരിപാടികളില്‍ പോലും പിന്തുടര്‍ന്നെത്തി ലൈംഗികാധിക്ഷേപങ്ങളും മറ്റും നടത്തിയെന്ന് ഹണി റോസ് പരാതിപ്പെട്ടിരുന്നു. ഹണിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനും പൊലീസ് നീങ്ങുന്നുവെന്നും സൂചനയുണ്ട്.
ഹണി റോസിനോട് കാട്ടിയതിനു സമാനമായ വിധത്തില്‍ ബോബി മറ്റുള്ളവര്‍ക്കെതിരെയും അധിക്ഷേപവും ദ്വയാര്‍ഥ പ്രയോഗങ്ങളും നടത്തിയിട്ടുണ്ടെന്ന പരാതികള്‍ വിവിധ കോണുകളില്‍ നിന്നും ഉയരുന്ന സാഹചര്യത്തിലാണ് പൊലീസ് നീക്കം.
ബോബി പങ്കെടുത്ത വിവിധ പരിപാടികളുടെയും അദ്ദേഹത്തിന്റേതായ മറ്റ് വിഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമ അക്കൗണ്ടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.
ഈ വിഷയത്തില്‍ ഹണി റോസില്‍ നിന്ന് കൂടുതല്‍ മൊഴി എടുക്കുന്ന കാര്യവും എറണാകുളം സെന്‍ട്രല്‍ പൊലീസ് ആലോചിക്കുന്നുണ്ട്. ഇത്തരത്തില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്യുന്നത് 3 വര്‍ഷം തടവും പിഴയും വരെ ലഭിക്കാവുന്ന കുറ്റമാണ്.