
“എന്റെ പ്രിയപ്പെട്ട അമേരിക്കക്കാരേ, ഇന്ന് 2025 ഏപ്രിൽ 2, വളരെക്കാലമായി കാത്തിരിക്കുന്ന വിമോചന ദിനം. അമേരിക്കൻ വ്യവസായം പുനർജനിച്ച ദിനം, അമേരിക്കയുടെ വിധി തിരിച്ചുപിടിച്ച ദിവസം, അമേരിക്ക വീണ്ടും സമ്പന്നമാകാൻ തുടങ്ങിയ ദിവസമായി എന്നെന്നേക്കുമായി ഓർമ്മിക്കപ്പെടുന്ന ദിനം… 50 വർഷത്തിലേറെയായി പലരും നികുതിദായകരെ കൊള്ളയടിച്ചു കൊണ്ടിരിക്കുകയാണ് എന്നാൽ ഇനി അത് സംഭവിക്കാൻ പോകുന്നില്ല”.തിരിച്ചടി തീരുവ പ്രഖ്യാപിച്ചുകൊണ്ട് ട്രംപ് ഇങ്ങനെ പറഞ്ഞു. അതിനു ശേഷമാണ് തൻ്റെ തിരിച്ചടി തീരുവ പട്ടിക പുറത്തുവിട്ടത്. ചൈനയാണ് ഏറ്റവും കൂടുതൽ തിരിച്ചടി കിട്ടിയ രാജ്യം. ഇന്ത്യക്കും ട്രംപ് ഇളവു നൽകിയിട്ടില്ല.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയ വ്യാപാരചര്‍ച്ചകള്‍ ആരംഭിച്ചിട്ട് ആഴ്ചകളായി. വ്യാപാരമന്ത്രി പീയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍സംഘം അമേരിക്കന്‍ സംഘവുമായി കഠിനമായ വിലപേശൽ നടത്തിയിരുന്നു. വ്യാപാരചര്‍ച്ചകളുമായി ബന്ധപ്പെട്ട് ഇതിനകം പലതവണ അമേരിക്ക സന്ദര്‍ശിച്ചു. ട്രംപിന് കുറച്ചു അനായാസവിജയങ്ങള്‍ നല്‍കി സന്തോഷിപ്പിക്കുകയാണ് ഇന്ത്യയിപ്പോൾ ചെയ്യുന്ന കാര്യം . പെട്രോളിയവും ആയുധങ്ങളും കൂടുതല്‍ വാങ്ങാമെന്ന വാഗ്ദാനം പോലെ ചില കാര്യങ്ങൾ. അതേസമയം, കാര്‍ഷികമേഖല പോലുള്ള സുപ്രധാനമേഖലകളെ സുരക്ഷിതമായി നിലനിര്‍ത്തേണ്ടത് ഇന്ത്യയുടെ ആവശ്യമാണ്.
തിരിച്ചടിത്തീരുവ വന്നതോടെ ഇന്ത്യയുടെ കാര്‍ഷിക കയറ്റുമതി കാര്യമായി ബാധിക്കപ്പെടും. ചെമ്മീനും പാലുല്‍പന്നങ്ങളുമടക്കമുള്ള കാര്‍ഷിക മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള തീരുവവ്യത്യാസം ഏതാണ്ട് 40 ശതമാനമാണ്. കാര്‍ഷിക, ക്ഷീര ഉല്‍പ്പന്നങ്ങളുടെയും കോഴിക്കാലുകളുടെയും ഇറക്കുമതിത്തീരുവ കുറയ്ക്കണം എന്നും അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. നടപ്പായാല്‍ അത് ഇന്ത്യയിലെ ലക്ഷക്കണക്കായ കോഴിക്കര്‍ഷകരെ ബാധിക്കും.
ഫാക്ടറിയില്‍ റൂമിനന്റ് കാലിത്തീറ്റ (കന്നുകാലികളുടെയും പന്നിയുടെയും മറ്റും ഇറച്ചി അവശിഷ്ടങ്ങള്‍ ചേര്‍ത്തത്) ഉപയോഗിച്ച് വളര്‍ത്തുന്നതായി ആരോപണമുള്ള അമേരിക്കന്‍ ഇറച്ചിക്കോഴികളെ കൊണ്ടുവരുന്നത് എതിര്‍പ്പിനു കാരണമാവും. ഇന്ത്യയില്‍ ഇത്തരം കാലിത്തീറ്റയ്ക്ക് വിലക്കുണ്ട്.
പക്ഷിപ്പനി സംബന്ധിച്ച ഉല്‍ക്കണ്ഠകള്‍ ചൂണ്ടിക്കാട്ടി അമേരിക്കയില്‍ നിന്നുള്ള കോഴിക്കാലുകളുടെ ഇറക്കുമതി ഇന്ത്യ വിലക്കിയിരുന്നെങ്കിലും ലോകവ്യാപാരസംഘടന അമേരിക്കയ്ക്ക് അനുകൂലമായി വിധിച്ചിരുന്നു. ഇപ്പോള്‍ കോഴിക്കാലുകളെത്തുന്നുണ്ട്, നൂറുശതമാനമാണ് തീരുവ. ഈ തീരുവ നീക്കിയാല്‍ ഇന്ത്യയിലെ കോഴിക്കര്‍ഷകര്‍ വഴിയാധാരമായേക്കും. ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതിക്കമ്പോളം അമേരിക്കയാണ്. ഇന്ത്യയുടെ ആകെ മൊത്തം കയറ്റുമതിയുടെ 17 ശതമാനവും അവിടേക്കാണ്.
ഏതാണ്ട് 7,750 കോടി ഡോളര്‍ ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ വ്യാപാരം. ഫാര്‍മസ്യൂട്ടിക്കല്‍സ്, ഐ.ടി, ഐ.ടിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍, ഫാര്‍മ, കൃഷി തുടങ്ങിയ മേഖലകളെയൊക്കെ തിരിച്ചടിത്തീരുവ ബാധിക്കാന്‍ ഇടയുണ്ട്. ജനറിക് മരുന്നുകള്‍ വില്‍ക്കുന്ന കാര്യത്തിലെ മുമ്പനാണ് ഇന്ത്യ, ലോകത്തിന്റെ ഫാര്‍മസി. അമേരിക്കയില്‍ വില്‍ക്കുന്ന ജനറിക് മരുന്നുകളുടെ ഏതാണ്ട് പകുതിയോളവും എത്തുന്നത് ഇന്ത്യയില്‍ നിന്നാണ്.
തിരിച്ചടിത്തീരുവ ഏര്‍പ്പെടുത്തിയാല്‍ വളരെ ചെറിയ വിലയ്ക്ക് വില്‍ക്കപ്പെടുന്ന ഈ മരുന്നുകള്‍ക്ക് വില ഗണ്യമായി കൂടും, അത് മരുന്നിന്റെ ഡിമാന്‍ഡ് കുറയ്ക്കും. അമേരിക്കയിലെ സാധാരണക്കാരെയും ക്ഷീണിപ്പിക്കും ഈ രംഗത്തെ തീരുവ കൂട്ടല്‍.