യുക്രെയ്‌ന്റെ കാര്യത്തില്‍ ട്രംപിന്റെ നീക്കം എങ്ങനെ ചെറുക്കും? യൂറോപ്യന്‍ നേതാക്കളുടെ ചര്‍ച്ച ഇന്ന്

മ്യൂണിച്ച്: യുക്രെയ്ന്‍ -റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളില്‍ യൂറോപ്പിന് പങ്കില്ലെന്ന് യുഎസ് നിലപാടെടുത്തതിന് പിന്നാലെ പ്രധാന യൂറോപ്യന്‍ രാജ്യങ്ങളുടെ നേതാക്കള്‍ ഇന്ന് പാരീസില്‍ അടിയന്തര യോഗം ചേരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ യോഗത്തിന് ആതിഥേയത്വം വഹിക്കും. ബ്രിട്ടീഷ് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.

യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളില്‍ യൂറോപ്പിനെ അവഗണിച്ച് യുഎസ് പ്രസിഡന്റ് ട്രംപ് നടത്തുന്ന നീക്കം ചര്‍ച്ച ചെയ്യുകയാണ് ഇന്നത്തെ യോഗത്തിന്റെ പ്രധാന ലക്ഷ്യം. യുഎസിന്റെ സമീപനത്തിലെ പ്രക്ഷുബ്ധമായ മാറ്റവും യൂറോപ്യന്‍ ഭൂഖണ്ഡത്തിന്റെ സുരക്ഷയ്ക്കുള്ള അപകടസാധ്യതകളും അവര്‍ ചര്‍ച്ച ചെയ്യുമെന്നും ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു.

ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്, പോളിഷ് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌ക്, നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍, അന്റോണിയോ കോസ്റ്റ എന്നിവരായിരിക്കും യോഗത്തില്‍ പങ്കെടുക്കുന്ന പ്രധാന നേതാക്കള്‍.

കഴിഞ്ഞയാഴ്ച നാറ്റോയിലെ യൂറോപ്യന്‍ സഖ്യകക്ഷികളെ അമ്പരപ്പിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായും യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുമായും ഒരു ഫോണ്‍ സംഭാഷണം നടത്തിയതായും ഒരു സമാധാന പ്രക്രിയ ആരംഭിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

അതേസമയം, യുഎസ് സുരക്ഷാസഹായം ഉറപ്പാക്കുന്നതിനു പകരമായി യുക്രെയ്‌നിന്റെ അപൂര്‍വ ധാതുക്കള്‍ നല്‍കണമെന്ന നിര്‍ദിഷ്ട കരാറില്‍ ഉടന്‍ ഒപ്പുവയ്ക്കരുതെന്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി മന്ത്രിമാര്‍ക്കു നിര്‍ദേശം നല്‍കി.

More Stories from this section

family-dental
witywide