
ലണ്ടന്‍: യുഎസിൽ ഡോണൾഡ് ട്രംപ് അധികാരത്തില്‍ എത്തിയതിന് ശേഷം ബ്രിട്ടീഷ് പൗരത്വത്തിനായി അപേക്ഷിക്കുന്ന അമേരിക്കക്കാരുടെ എണ്ണത്തില്‍ വൻ വര്‍ധന. ഹോം ഓഫീസിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ബ്രിട്ടീഷ് പൗരത്വത്തിനായി അപേക്ഷിക്കുന്ന യുഎസ് പൗരന്മാരുടെ എണ്ണത്തിൽ റെക്കോര്‍ഡ് വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. 2024 ല്‍ 6,100 ല്‍ അധികം അമേരിക്കന്‍ പൗരന്മാരാണ് ബ്രിട്ടീഷ് പൗരത്വത്തിനായി അപേക്ഷിച്ചത്. 2023ന്‍റെ ഇരട്ടിയിലധികമാണിത്.
കഴിഞ്ഞ വര്‍ഷം അവസാന മൂന്ന് മാസങ്ങളില്‍, കഴിഞ്ഞ 20 വര്‍ഷക്കാലത്തിനിടയില്‍ മൂന്ന് മാസക്കാലയളവില്‍ ലഭിച്ച അപേക്ഷകളേക്കാള്‍ കൂടുതല്‍ അപേക്ഷകളാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിനും ഡിസംബറിനും ഇടയിലായി 1,708 അപേക്ഷകളാണ് ലഭിച്ചത്. നവംബറിലായിരുന്നു ഡോണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്. യുക്രൈൻ – റഷ്യ വിഷയത്തില്‍ അമേരിക്കയും യൂറോപ്പും തമ്മിലുള്ള അഭിപ്രായഭിന്നത രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഈ കണക്കുകള്‍ പുറത്തു വന്നിട്ടുള്ളത്.