സബ്സ്റ്റേഷൻ തകർന്നു, മൊത്തം ഇരുട്ടിലായി ഒരു രാജ്യം; ജനങ്ങൾ എന്തു ചെയ്യുമെന്നറിയാതെ വലയുന്നു, ക്യൂബ വീണ്ടും പ്രതിസന്ധിയിൽ

ഹവാന: ക്യൂബയിൽ വൈദ്യുത ശൃംഖല വീണ്ടും തകർന്നു ഇരുട്ടിലായി ജനങ്ങൾ. രാജ്യത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ഹവാന അടക്കമുള്ള പ്രമുഖ നഗരങ്ങളിലെല്ലാം തന്നെ വെള്ളിയാഴ്ച മുതൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. രാത്രി ഏട്ടേകാലോടെ രാജ്യ തലസ്ഥാനമായ ഹവാനയിലെ സബ്സ്റ്റേഷനിലുണ്ടായ തകരാറാണ് നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്നാണ് ഊർജ്ജ ഖനി മന്ത്രാലയം വിശദമാക്കുന്നത്.

ക്യൂബയുടെ പടിഞ്ഞാറൻ മേഖലയും ദേശീയ വൈദ്യുത ശൃംഖലയേയും നിലവിലെ തകരാറ് സാരമായി ബാധിച്ചിട്ടുണ്ട്. ജനറേറ്റർ പ്രവർത്തിക്കുന്ന ഏതാനും ചില വിനോദ സഞ്ചാരികൾ സജീവമായ ഹോട്ടലുകളിൽ മാത്രമാണ് വൈദ്യുതിയുള്ളത്. 10 ദശലക്ഷം ആളുകൾക്കാണ് വൈദ്യുതി ബന്ധം നഷ്ടമായിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ വന്നിട്ടുള്ളത്. ഭൂരിഭാഗം മേഖലകളിൽ ഇന്റർനെറ്റ് ബന്ധവും വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. ഗ്വാണ്ടനാമോ, ആർട്ടിമിസാ, സാന്റിയാഗോ ഡി ക്യൂബ, സാന്റാ ക്ലാരയിലും വൈദ്യുതി പ്രതിസന്ധി രൂക്ഷമായിട്ടുണ്ട്.

വൈദ്യുതി പുനസ്ഥാപിക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കി നടക്കുന്നുണ്ട്. പീക്ക് അവറിൽ 3250 മെഗാവാട്ട് വൈദ്യുതിയുടെ ആവശ്യമാണ് രാജ്യത്തുള്ളതെന്നാണ് ഇലക്ട്രിക് യൂണിയൻ ഏജൻസി വിശദമാക്കുന്നത്. കഴിഞ്ഞ വർഷവും സമാനമായ രീതിയിലുള്ള വൈദ്യുതി പ്രതിസന്ധി ക്യൂബയെ വലച്ചിരുന്നു. രാജ്യത്തെ പാതിയിലേറെ ജനങ്ങൾ നിലവിൽ പീക്ക് അവറില്‍ പവർ കട്ട് നേരിടുന്നുണ്ട്. ഭക്ഷണം പാകം ചെയ്യുന്നത് മുതൽ ദൈനംദിന ആവശ്യങ്ങൾ വൈദ്യുതിയെ ആശ്രയിച്ചുള്ളതിനാൽ വലിയ രീതിയിലാണ് പ്രതിസന്ധി സാധാരണക്കാരെ ബാധിക്കുന്നത്.

More Stories from this section

family-dental
witywide