
ടെക്സസ്: കുടുംബത്തിന്റെ കുടിയേറ്റവുമായി ബന്ധപ്പെട്ടുള്ള സഹപാഠികളുടെ നിരന്തര അധിക്ഷേപത്തെയും പീഡനത്തെയും തുടർന്ന് അമേരിക്കയിൽ ആറാം ക്ലാസുകാരി ആത്മഹത്യ ചെയ്തു. ടെക്സസിലെ ആറാം ക്ലാസ് വിദ്യാർഥിയായ ജോസെലിൻ റോജോ കരാൻസയാണ് ആത്മഹത്യ ചെയ്തത്. കുടിയേറ്റത്തിന്‍റെ പേരിലുള്ള അധിക്ഷേപത്തെ തുടർന്ന് ജോസെലിൻ റോജോ കരാൻസ ആത്മഹത്യ ചെയ്ത സംഭവത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
കുടുംബത്തിന്റെ കുടിയേറ്റവുമായി ബന്ധപ്പെട്ട് കുറേ നാളായി സഹപാഠികൾ കുട്ടിയെ നിരന്തരം അപമാനിച്ചിരുന്നു. കുടുംബം കുടിയേറ്റം നടത്തിയതാണെന്നും യു എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിനെ (ICE) വിളിച്ച് അവളെ നാടുകടത്താൻ ആവശ്യപ്പെടുമെന്നും പറഞ്ഞായിരുന്നു സഹപാഠികൾ മാനസികമായി പീഡിപ്പിച്ചത്.
ഫെബ്രുവരി 8 നാണ് പതിനൊന്നുകാരിയായ ജോസെലിൻ റോജോ കരാൻസയെ ടെക്സസിലെ ഗെയ്‌നസ്‌വില്ലിലുള്ള വീട്ടിൽ റോജോ കരാൻസയെ അമ്മ അവളെ അവശയായി കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കരാൻസയുടെ ആത്മഹത്യ കുടിയേറ്റവുമായി ബന്ധപ്പെട്ട അധിക്ഷേപത്തിന്‍റെ പേരിലാണെന്ന് വ്യക്തമായതോടെ വലിയ പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്. ‘ഇത് അമേരിക്കയല്ല’ എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. അതേസമയം സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.